ഹൈദരാബാദ്: തെന്നിന്ത്യൻ നടി കാജൽ അഗർവാളിന്റെ മാനേജർ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ. കാജലിന്റെ മാനേജർ റോണിയെയാണ് ഹൈദരാബാദ് എക്സൈസ് ആൻഡ് പ്രൊഹിബിഷൻ അധികൃതർ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഹൈദരബാദിലെ വീട്ടിൽ റെയ്ഡ് നടത്തിയശേഷമായിരുന്നു അറസ്റ്റ്. റെയ്ഡിൽ കഞ്ചാവ് പൊതികൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
റോണി ദീർഘകാലമായി മയക്കുമരുന്നിന് അടിമയാണെന്നു പോലീസ് സംശയിക്കുന്നു. ലാവണ്യ ത്രിപതി, റഷി ഖന്ന തുടങ്ങിയവരുടെയും മാനേജരായി റോണി പ്രവർത്തിച്ചിട്ടുണ്ട്.
നേരത്തെ, മയക്കുമരുന്നു കേസുമായി ബന്ധപെട്ട് 6 അഭിനേതാക്കളടക്കം 12 തെലുങ്ക് സിനിമ പ്രവർത്തകർക്ക് ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. സംവിധായകൻ പുരി ജഗന്നാഥ്, നടൻ രവി തേജ, പി.നവദീപ്, തരുണ്‍കുമാർ, എ.തനിഷ്, പി സുബ്ബരാജ്, നടി ചാർമി കൗർ, നടി മുമൈത് ഖാൻ, ഛായാഗ്രാഹകൻ ശ്യാം കെ.നായിഡു, ഗായകൻ ആനന്ദ് കൃഷ്ണ നന്ദു, കലാസംവിധായകൻ ചിന്ന എൻ.ധർമറാവു എന്നിവർക്കാണ് നോട്ടീസ് നൽകിയിട്ടുള്ളത്.