തെലുങ്ക് നടൻ ബാലകൃഷ്ണ ഹാട്രിക് ഹിറ്റുകളുടെ തിളക്കത്തിലാണ്. അവസാനം ഇറങ്ങിയ ഭഗവന്ത് കേസരിയായിരുന്നു മൂന്നാമത്തെ വമ്പന്‍ ഹിറ്റ്. ചിത്രത്തിന്റെ വിജയത്തെത്തുടര്‍ന്ന് ബാലകൃഷ്ണയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീലീലയും പ്രതിഫലം വര്‍ധിപ്പിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ തെലുങ്ക് സിനിമയില്‍ ആകെ ചര്‍ച്ചയായിരിക്കുന്നത് ചിത്രത്തില്‍ പ്രധാന നായികാവേഷത്തില്‍ എത്തിയ കാജള്‍ അഗര്‍വാള്‍ പ്രതിഫലം വര്‍ധിപ്പിച്ചതാണ്. വര്‍ഷങ്ങള്‍ക്കുശേഷമാണ് നടി പ്രതിഫലം ഉയര്‍ത്തുന്നത്. ഗര്‍ഭിണിയായശേഷം നടി സിനിമാമേഖലയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇപ്പോള്‍ നടി തിരിച്ചുവന്നിരിക്കുകയാണ്. ഭഗവന്ത് കേസരിയുടെ വിജയം തെലുങ്കില്‍ കാജളിന്റെ താരമൂല്യം വീണ്ടും വര്‍ധിപ്പിച്ചിരിക്കുകയാണ്. തെലുങ്കില്‍ വമ്പന്‍ വിജയങ്ങള്‍ നേടിയ കാജളിന് ഭാഗ്യനായികയെന്ന വിശേഷണമുണ്ട്.
തെലുങ്കിലെ സൂപ്പർ താരങ്ങളായ അല്ലു അര്ജുൻ, ചിരഞ്ജീവി, മഹേഷ് ബാബു, പ്രഭാസ്, ജൂനിയര്‍ എന്‍ടിആർ, രാംചരണ്‍ എന്നിവരുടെയെല്ലാം നായികയായി അഭിനയിച്ചിട്ടുണ്ട് കാജൾ. ഇവര്‍ക്കൊപ്പംതന്നെ വമ്പന്‍ ബ്ലോക്ബസ്റ്ററുകളും നടിയുടെ പേരിലുണ്ട്. എസ്.എസ്. രാജമൗലി ചിത്രത്തിലും കാജള്‍ നായികയായി അഭിനയിച്ചിട്ടുണ്ട്. മഗധീര തെലുങ്കിലെ ഇന്‍ഡസ്ട്രി ഹിറ്റുമായിരുന്നു. എന്നാല്‍ ഒരു കാലത്തും വമ്പന്‍ പ്രതിഫലം കാജള്‍ വാങ്ങിയിരുന്നില്ല. മറ്റ് നടിമാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പ്രതിഫലം വളരെ കുറവായിരുന്നു. അതേസമയം വര്‍ഷങ്ങള്‍ക്കുശേഷമാണ് കാജള്‍ പ്രതിഫലം വര്‍ധിപ്പിച്ചത്. അതാണ് നിര്‍മാതാക്കളെ അടക്കം അമ്പരപ്പിച്ചിരിക്കുന്നത്. എങ്കിലും ഈ പ്രതിഫലം നല്കാന് നിര്‍മാതാക്കളെല്ലാം തയാറുമാണ്.
തെലുങ്കിലെ സൂപ്പര്‍ താരങ്ങളുടെ പ്രതിഫലം താങ്ങാനാവാതെ നിര്‍മാതാക്കള്‍ പിന്മാറുമ്പോഴാണ് കാജളിന് പിന്തുണ ലഭിക്കുന്നത്. തെലുങ്കിലെ മുന്‍നിര നായികയായിട്ടും, സാമന്ത, അനുഷ്ക, ശ്രീലീല, തമന്ന എന്നിവരൊന്നും വാങ്ങുന്ന പ്രതിഫലം കാജള്‍ വാങ്ങുന്നില്ല. വിവാഹശേഷം തെലുങ്ക് സിനിമയില്‍ സജീവമായ നടിക്ക് നിരവധി ഓഫറുകളും ലഭിക്കുന്നുണ്ട്. വിവാഹത്തിനു ശേഷം നടിമാര്‍ പ്രതിഫലം കുറയ്ക്കുന്ന രീതിക്കും നടി മാറ്റം കൊണ്ടുവന്നിരിക്കുകയാണ്.
വരാനിരിക്കുന്ന കാജളിന്റെ ചിത്രം സത്യഭാമയ്ക്കായി 2.25 കോടിയാണ് പ്രതിഫലമായി വാങ്ങിയിരിക്കുന്നത്. ഇത് അവരുടെ കരിയറിലെ ഏറ്റവും ഉയര്‍ന്നതാണ്.
സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ കുറഞ്ഞ പ്രതിഫലമായിരുന്നു കാജള്‍ വാങ്ങിയിരുന്നത്. അതുകൊണ്ട് നടിക്ക് നിരവധി ഓഫറുകളും ലഭിച്ചിരുന്നു. മികച്ച ചിത്രങ്ങള്‍ പലതും ഇതിലൂടെ കാജളിന് ലഭിച്ചിരുന്നു. നേരത്തെ സൂപ്പര്‍ താര ചിത്രങ്ങള്‍ക്കായി 1.5 കോടിയായിരുന്നു നടി പ്രതിഫലമായി വാങ്ങിയിരുന്നത്.