ഈ കൊറോണക്കാലത്ത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യത്തിൽ തീരുമാനം എടുത്തിരിക്കുകയാണ് തെന്നിന്ത്യൻ താരം കാജൾ അഗർവാൾ.
വീട്ടുകാരും കൂട്ടുകാരും ആരാധകരും ആവർത്തിച്ച് ചോദിച്ച കാര്യത്തിലാണ് കാജൽ ഒരു തീരുമാനത്തിലെത്തിയിരിക്കുന്നത്. ഈ വർഷം തന്നെ കാജൾ അഗർവാളിന്റെ വിവാഹം ഉണ്ടാവുമെന്നാണ് പുറത്തു വരുന്ന വാർത്തകൾ. പ്രണയമല്ല, പൂർണമായും വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച കല്യാണമാണത്രെ.
മുന്പു പലപ്പോഴും നടിയുടെ വിവാഹ വാർത്തകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. അപ്പോഴൊക്കെ അത് നിഷേധിച്ച കാജൾ ഇതുവരെ ഈ വാർത്തയോടും പ്രതികരിച്ചിട്ടില്ല.
മുബൈയിൽ ബിസിനസ്കാരനായ ആളുമായി കാജളിന്റെ വിവാഹം ഉറപ്പിച്ചു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. വാർത്ത സത്യമാണെങ്കിൽ ഈ വർഷം തന്നെ വിവാഹമുണ്ടാവും. വിവാഹ ശേഷം കാജളും ബിസിനസിലേക്ക് കടക്കും എന്നാണ് അറിയാൻ കഴിയുന്നത്.
വിവാഹത്തോടെ അഭിനയം കുറയ്ക്കുമെങ്കിലും നിർമാതാവായി ഈ രംഗത്ത് തന്നെയുണ്ടാവുമെന്നാണു വിവരം. അതേ സമയം കൊറോണ കാരണം മുടങ്ങിക്കിടക്കുന്ന സിനിമകൾ സാഹചര്യം അനുകൂലമായാലുടൻ അഭിനയിച്ചു തീർക്കാനാണു പരിപാടി. വിവാഹം കഴിഞ്ഞാലും ഏറ്റെടുത്ത സിനിമകൾ പൂർത്തിയാക്കുമെന്ന് നടിയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
കോമാളി എന്ന തമിഴ് ചിത്രമാണ് ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത കാജൾ അഗർവാൾ ചിത്രം. മൊസഗല്ലു, ആചാര്യ, മുംബൈ സാഗ, ഹേയ് സിനാമിക, ഇന്ത്യൻ ടു എന്നിങ്ങനെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി തിരക്കിലായിരുന്നു കാജൾ.
എല്ലാം ബിഗ് ബജറ്റ് സിനിമകളാണ്. കമൽഹാസനൊപ്പമുള്ള ഇന്ത്യൻ ടു വിൽ നടിക്കും ആരാധകർക്കും വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇനി എന്ന് സിനിമാ ചിത്രീകരണം ആരംഭിക്കാൻ കഴിയും എന്നറിയില്ല.
ബോളിവുഡ് ഹിറ്റ് ചിത്രമായ ക്വീനിന്റെ തമിഴ് റീമേക്കായ പാരീസ് പാരീസ് എന്ന തെലുങ്ക് ചിത്രം റിലീസ് ചെയ്യാൻ കാത്തിരിക്കവെയായിരുന്നു ലോക്ക് ഡൗണ് പ്രഖ്യാപിച്ചത്.