തളിപ്പറമ്പ്: നവവധുവിന്റെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയശേഷം വധുവിന്റെ ബന്ധുവായ യുവതിയുമായി ഒളിച്ചോടിയ ഭര്‍ത്താവ് അറസ്റ്റില്‍. ഉന്നക്കിടക്ക വില്‍പ്പനക്കാരനായ കൊല്ലം പനംപട്ടി സ്വദേശി രജനി ഭവനത്തില്‍ ആര്.രജനീഷ് (44) നെയാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്ഐ കെ.ദിനേശന് അറസ്റ്റ് ചെയ്തത്.
2018 ഏപ്രില്‍ 22 ന് തളിപ്പറമ്പ് കൂവേരി ആലത്തട്ടിലെ യുവതിയെ രജനീഷ് വിവാഹം ചെയ്തിരുന്നു. വിവാഹ ശേഷം ഇവിടെ താമസമാക്കിയ രജനീഷ് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് അജിതയുടെ ബന്ധുവും വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ കൂനം സ്വദേശിനിക്കൊപ്പം ഒളിച്ചോടുകയായിരുന്നു. കൊല്ലത്ത് താമസിച്ചു വരികയായിരുന്ന ഇരുവരെയും കസ്റ്റഡിയില്‍ എടുത്ത് പോലീസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കൂനം സ്വദേശിനി രജനീഷിനൊപ്പം പോവുകയും ചെയ്തു.
വിവാഹം കഴിഞ്ഞ് കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ വാടക വീട് സംഘടിപ്പിക്കാന്‍ പണം ആവശ്യമുണ്ടെന്ന് പറഞ്ഞ് ആദ്യഭാര്യയുടെ മൂന്നര പവന് സ്വര്‍ണം രജനീഷ് കൈക്കലാക്കിയിരുന്നു. ഭാര്യയുടെ സ്വര്‍ണം വാങ്ങി വഞ്ചിച്ച കേസിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. എഎസ്ഐമാരായ പുരുഷോത്തമന്, രമേശന് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ കൊല്ലത്ത് വച്ച് കസ്റ്റഡിയില്‍ എടുത്തത്.