കായംകുളം : ദുരൂഹ സാഹചര്യത്തിൽ വീട്ടമ്മയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണന്ന് പോലീസ് കണ്ടെത്തി.കൊല്ലപ്പെട്ട വീട്ടമ്മയുടെ മക്കളുടെ കൂട്ടുകാരനായ പത്തൊന്പത് കാരനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇന്നലെ പിടികൂടിയത്.
ഇയാളെ ഇന്ന് പോലീസ് കോടതിയിൽ ഹാജരാക്കും.കറ്റാനം കണ്ണനാകുഴി മാങ്കൂട്ടത്തിൽ വടക്കതിൽ സുധാകരന്റെ ഭാര്യ തുളസി (54) യെ വീടിൻ റ്റെ മുറിക്കുള്ളിലെ ജനാലയിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് കറ്റാനം വെട്ടിക്കോട് മുകളയ്യത്ത് പുത്തൻവീട്ടിൽ ജെറിൻ രാജ് (19 ) നെവള്ളികുന്നം പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച വൈകുന്നേരം അഞ്ചോടെ തുളസിയുടെ വീട്ടിൽ നിന്നും ജെറിൻ ഇറങ്ങി പോകുന്നത് അയൽവാസികൾ കണ്ടിരുന്നു . ഇതിന് പിന്നാലെ ആറുമണിയോടെ ജോലി കഴിഞ്ഞെത്തിയ ഭർത്താവ് സുധാകരൻ വീട്ടമ്മയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു .
തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ജെറിൻ വീട്ടിൽ വന്ന വിവരം അയൽവാസികൾ പൊലീസിന് കൈമാറി.ഇതേ തുടർന്ന് പോലീസ് നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് പ്രതി പിടിയിലായത്.
കൂടാതെ സംഭവത്തിൽ ദുരൂഹത ഉണ്ടന്ന് ചൂണ്ടിക്കാട്ടിബന്ധുക്കൾ വള്ളികുന്നം പൊലീസിൽ പരാതിയും നൽകിയിരുന്നു .ഇതേ തുടർന്നാണ് പോലീസ് അന്വേഷണം ഉൗർജിതമാക്കിയത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്.മക്കളുടെ സുഹൃത്തായ ജെറിൻ സംഭവദിവസം വൈകുന്നേരം തുളസിയുടെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടു.
എന്നാൽ ഇവർ പണം നൽകിയില്ല.തുടർന്ന് വീടിനുള്ളിലെ അലമാരയിൽനിന്നും പതിനായിരം രൂപ ജെറിൻ കവർന്നു . പണം മോഷ്ടിക്കുന്നത് കണ്ട തുളസി ഇയാളെ തടയാൻ ശ്രമിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു.ഇതേ തുടർന്ന് ഇയാൾ തുളസിയുടെ കഴുത്തിന് കുത്തിപിടിച്ച ശേഷം ശബ്ദം പുറത്തേക്ക് വരാതിരിക്കാൻ വായ് പൊത്തിപ്പിടിക്കുകയും ചെയ്തു.
ഏറെ നേരം കഴിഞ്ഞപ്പോൾ വീട്ടമ്മയുടെ ശ്വാസം നിലച്ചതായി മനസിലാക്കിയ പ്രതി ഇവരെ കട്ടിലിൽ കിടത്തി മുറിക്കുള്ളിൽ നിന്നും സാരിയെടുത്ത് ഇവരെ ജനാലയിൽ കെട്ടി തൂക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.ഫാനിൽ കെട്ടി തൂക്കാൻ പ്രതി ശ്രമം നടത്തിയെങ്കിലും തുളസിയുടെ ശരീരം നിലത്തുവീണു.
വീഴ്ചയിൽ ഇവർക്ക് തലയ്ക്ക് മുറിവേറ്റതായും പോലീസ് കണ്ടെത്തി.മൊബൈൽ ഫോണ് വാങ്ങാനാണ് പണം കവർന്നതെന്നാണ് പ്രതി ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞത്.സംഭവശേഷം മുറിക്കുള്ളിലും വീടിന്റെ പരിസരത്തും മുളകുപൊടി വിതറിയ ശേഷം ഇയാൾ രക്ഷപ്പെടുകയിരുന്നു. അയൽവാസികളുടെ നിർണ്ണായക മൊഴി രേഖപ്പെടുത്തിയ പോലീസ്മണിക്കൂറുകൾ നീണ്ടു നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് പ്രതിയെ വീട്ടിൽ നിന്നും പിടികൂടിയത്.