കോവിഡ്-19 വൈറസിന്റെ വ്യാപനം തടയാൻ രാജ്യത്ത് സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ വീട്ടിലെത്താന്‍ 135 കിലോമീറ്റര്‍ നടന്ന് യുവാവ്. മഹാരാഷ്ട്രയിലെ ചന്ദ്രാപുർ ജില്ലക്കാരനായ 26 വയസുകാരനായ നരേന്ദ്ര ഷെൽക്കയാണ് നാഗ്പുരിൽനിന്ന് വീട്ടിലേക്കു നടന്നത്.
പൂനയിലാണ് ഷെൽക്ക ജോലി ചെയ്യുന്നത്. തിങ്കളാഴ്ച രാത്രിയിൽ പൂനയിൽനിന്നും നാഗ്പുരിലേക്കുള്ള അവസാന ട്രെയിൻ പിടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ ഇതിനിടെ സർക്കാർ എല്ലാത്തരം യാത്രകൾക്കും വിലക്കേർപ്പെടുത്തിയതോടെ ഷെൽക്ക നാഗ്പുരിൽ കുടുങ്ങി.
യാതൊരു സഹായവും ലഭിക്കാതെ വന്നതോടെ മറ്റൊരു മാർഗവുമില്ലാതെ ഷെൽക്ക ചൊവ്വാഴ്ച രാവിലെ മുതൽ നാഗ്പുർ-നാഗ്ബിദ് റോഡിൽ കാൽനട യാത്ര ആരംഭിച്ചു. ഭക്ഷണം കഴിക്കാതെ രണ്ടു ദിവസം യാത്ര ചെയ്ത അദ്ദേഹം വെള്ളം കുടിച്ചു മാത്രമാണ് നീങ്ങിയത്.
നാഗ്പുരിൽനിന്ന് 135 കിലോമീറ്റർ അകലെയുള്ള സിന്ധേവാഹി തഹ്ലിസിലിലെ ശിവാജി സ്ക്വയറിൽ ബുധനാഴ്ച രാത്രിയിൽ പോലീസ് പട്രോളിംഗ് സംഘമാണ് ക്ഷീണിതനായ ഷെൽക്കയെ കണ്ടെത്തിയത്.
കർഫ്യൂ ലംഘിച്ച വിവരം പോലീസ് തിരക്കിയപ്പോഴാണ് കഴിഞ്ഞ രണ്ടു ദിവസമായി താൻ വീട്ടിലെത്താൻ നടക്കുകയാണെന്ന് അദ്ദേഹം വിവരിച്ചത്. ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തെ വൈദ്യപരിശോധന നടത്തിയശേഷം 25 കിലോമീറ്റർ അകലെയുള്ള സ്വന്തം ഗ്രാമത്തിലേക്ക് പോകാൻ പോലീസ് വാഹനം ക്രമീകരിക്കുകയും ചെയ്തു.