ജിജി ലൂക്കോസ്
ന്യൂഡൽഹി: തുറന്ന മനസോടെ ചർച്ചയാകാമെന്ന കേന്ദ്രസർക്കാരിന്റെ പുതിയ ക്ഷണം അംഗീകരിച്ച് ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷക സംഘടനകൾ.
ചൊവ്വാഴ്ച രാവിലെ 11നു ചർച്ച നടത്താൻ തയാറാണെന്നും തങ്ങളുടെ ആവശ്യങ്ങൾ ആദരപൂർവം കേൾക്കാൻ സർക്കാർ തയാറാകണമെന്നും കേന്ദ്രത്തിന് കൈമാറിയ മറുപടി കത്തിൽ കർഷക സംഘടനകൾ അറിയിച്ചു.
സമരം ചെയ്യുന്ന കർഷകർക്കെതിരേ സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് കുപ്രചാരണങ്ങൾ നടത്തുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
സമരം 31 ദിവസം പിന്നിട്ടതിന്റെ പശ്ചാത്തലത്തിലാണ് കർഷകർ ഉന്നയിക്കുന്ന വിഷയങ്ങളിൽ തുറന്ന മനസോടെ ചർച്ചയാകാമെന്ന നിലപാട് കേന്ദ്രം അറിയിച്ചത്.
ഇതിനു പിന്നാലെ ഡൽഹി- ഹരിയാന അതിർത്തിയിലെ സിംഗുവിൽ ഇന്നലെ യോഗം ചേർന്ന 40 കർഷക സംഘടനകൾ, ചർച്ചയ്ക്കുള്ള ക്ഷണം അംഗീകരിച്ചതായി അറിയിക്കുകയായിരുന്നു.
കർഷക നിയമങ്ങൾ പിൻവലിക്കുന്ന വിഷയത്തിലാകണം ചർച്ചയെന്നും സംഘടനാ നേതാക്കൾ കൈമാറിയ കത്തിൽ പറയുന്നു.
നിയമങ്ങൾ പിൻവലിക്കുന്നതിനൊപ്പം മിനിമം താങ്ങുവില ഉറപ്പാക്കുന്ന കാര്യവും ചൊവ്വാഴ്ച നടക്കുന്ന യോഗത്തിന്റെ മുഖ്യ അജൻഡയാക്കണമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് പറഞ്ഞു.
കർഷകർക്കുള്ള വൈദ്യുതി, വയലിലെ അവശിഷ്ടങ്ങൾ കത്തിക്കുന്നത് തുടങ്ങിയ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകണം. ചർച്ചയിൽ മതിയായ പരിഗണന ലഭിച്ചില്ലെങ്കിൽ 30ന് ഡൽഹി അതിർത്തികളിലെല്ലാം ട്രാക്ടറുകൾ നിറയ്ക്കാനാണ് തീരുമാനമെന്നും കർഷക സംഘടനാ നേതാക്കൾ പറയുന്നു.
കെട്ടുകഥകളും നുണകളുമായി പ്രതിപക്ഷ പാർട്ടികൾ കർഷകരെ കബളിപ്പിക്കുകയാണെന്നു വെള്ളിയാഴ്ച ആറ് സംസ്ഥാനങ്ങളിലെ കർഷകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു.
മൂന്നു നിയമങ്ങളെയും അദ്ദേഹം വീണ്ടും ന്യായീകരിക്കുകയും ചെയ്തു. കരാർ കൃഷിയിലേക്കു കർഷകർ പോയാൽ കൃഷിക്കാരുടെ ഭൂമി തട്ടിയെടുക്കുമെന്നു ചിലർ കെട്ടുകഥകളും നുണകളും പ്രചരിപ്പിക്കുന്നു.
കേരളത്തിലും ബംഗാളിലും എന്തുകൊണ്ട് എപിഎംസി ഇല്ലെന്നും പ്രധാനമന്ത്രി ചോദിച്ചു.
കേരളത്തിൽനിന്നും ചിലർ സമരം ചെയ്യാനായെത്തുന്നുണ്ട്. കേരളത്തിൽ ഇടതുപക്ഷ സർക്കാരാണ്. കേരളത്തിൽ എന്തുകൊണ്ട് എപിഎംസി നിയമമില്ല? കോണ്ഗ്രസായിരുന്നില്ലേ നേരത്തെ ഭരിച്ചിരുന്നത്?
അവിടെ എന്തുകൊണ്ട് എപിഎംസിയും മണ്ഡിയും നടപ്പാക്കുന്നില്ല. അതുകൊണ്ട് ഇതു രാഷ്ട്രീയം കലർത്തിയുള്ള സമരമാണ്. ഇടതുപക്ഷം നടത്തുന്നത് ഇവന്റ് മാനേജ്മെന്റാണ്.
ബംഗാളിലെ കർഷകർ എന്തുകൊണ്ടു സമരം ചെയ്തില്ല? കർഷകരുടെ പേരിൽ സമരം നടത്തുന്നവർ രാഷ്ട്രീയം കളിക്കുകയാണെന്നും മോദി പറഞ്ഞു.
അതേസമയം, പുതിയ കർഷക നിയമങ്ങൾ ഒരു വർഷത്തേക്കോ മറ്റോ നടപ്പാക്കിക്കൂടേയെന്നു കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചോദിച്ചു. നിയമങ്ങൾ കർഷകർക്ക് പ്രയോജനകരമല്ലെങ്കിൽ ഭേദഗതി വരുത്താം.
എല്ലാ പ്രശ്നങ്ങളും തുറന്ന ചർച്ചയിലൂടെ പരിഹരിക്കാനാകും. നിയമങ്ങളെ കുറിച്ച് തുറന്നു സംസാരിക്കാനാണ് സർക്കാർ വിളിക്കുന്നത്. നിയമങ്ങൾ നടപ്പാക്കുന്നത് ഒരു പരീക്ഷണമായി കണ്ടാൽ മതി. അവ കർഷകർക്ക് പ്രയോജനം ലഭിക്കുന്നില്ലെങ്കിൽ എല്ലാ ഭേദഗതികളും കൊണ്ടുവരാൻ തയാറാണ്.
മിനിമം താങ്ങുവില സംബന്ധിച്ച് പ്രധാനമന്ത്രി എല്ലാ ഉറപ്പുകളും നൽകിയതാണെന്നും തെറ്റിദ്ധാരണകളെല്ലാം അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കർഷകരുമായി തുറന്ന മനസോടെ ചർച്ചയ്ക്കു തയാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അഭിപ്രായപ്പെട്ടിരുന്നു.