കാക്കനാട് പാലച്ചുവടിനടുത്ത് പത്തുവയസുകാരനെ ഉപദ്രവിച്ച സംഭവത്തില്‍ പ്രതികളായ അമ്മയും അമ്മയുടെ സുഹൃത്തായ ഡോക്ടറും ഒളിവിലെന്നു പോലീസ്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇരുവരെയും കണ്ടെത്തി ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അധികൃതര്‍ പറഞ്ഞു. അമ്മയുടെയും അമ്മയുടെ സുഹൃത്തായ ഡോക്ടറുടെയും ഉപദ്രവം സഹിക്കാതായതോടെ കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെ കുട്ടി വീട്ടില്‍നിന്ന് ഇറങ്ങിയോടി അടുത്തുള്ള വീട്ടില്‍ അഭയം തേടിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
അമ്മയും ഡോക്ടറും ചേര്‍ന്നു തന്നെ നിരന്തരം ഉപദ്രവിക്കുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തതായി കുട്ടി പോലീസിനു മൊഴി നല്കി. കുട്ടിയുടെ പരാതിയില്‍ അമ്മയ്ക്കും മൂന്നാനച്ഛനെന്നു കുട്ടി പറഞ്ഞ അമ്മയുടെ സുഹൃത്തായ ഡോ. ആദര്ശിനുമെതിരേ ജുവനൈല്‍ നിയമം, പോക്സോ, ഐപിസി വകുപ്പുകള്‍ ചുമത്തി തൃക്കാക്കര പോലീസ് കേസെടുക്കുകയായിരുന്നു. കേസെടുത്ത വിവരമറിഞ്ഞ് ഇന്നലെ ഉച്ചയോടെ ഇരുവരും ഒളിവില്‍ പോകുകയായിരുന്നുവെന്നാണു വിവരം.
മാസങ്ങളായി അമ്മയും രണ്ടു കുട്ടികളും ഡോക്ടറുടെ വീട്ടിലാണു താമസിക്കുന്നത്. ഡോക്ടര്‍ക്കൊപ്പം ഇവരല്ലാതെ വേറെയാരും താമസിക്കുന്നില്ല. സ്ത്രീയുടെ ആദ്യ ഭര്‍ത്താവിലുള്ള മകനാണ് ഈ കുട്ടി. വിവരമറിഞ്ഞു നാട്ടുകാര്‍ ഇന്നലെ രാവിലെ മുതല്‍ ഡോക്ടറുടെ വീടിനു മുമ്പില്‍ തടിച്ചുകൂടിയിരുന്നു. പോലീസ് എത്തിയെങ്കിലും ഗേറ്റ് അകത്തുനിന്നു പൂട്ടിയിട്ടിരുന്നതിനാല്‍ അകത്തുകയറാന്‍ കഴിഞ്ഞില്ല.
പിന്നീടു സ്റ്റേഷനില്‍ ഹാജരായ കുട്ടിയുടെ അമ്മ കുട്ടിയെ തനിക്കു വേണ്ടെന്നു പറഞ്ഞതിനെത്തുടര്‍ന്നു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കു കുട്ടിയെ പോലീസ് കൈമാറി. തൃക്കാക്കര എസ്ഐ ശെബാബ്, വനിത എസ്ഐ റോസി എന്നിവരുടെ നേതൃത്ത്വത്തിലാണു പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചത്.