കാക്കനാട്: യുവാവിന്റെ ശല്യം സഹിക്കാനാവാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. പുതുശേരി മുകൾഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന കാസർഗോഡ് സ്വദേശി പട്ടശേരി സിബിയെ (19) ആണ് തൃക്കാക്കര പോലീസ് പിടികൂടിയത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം കങ്ങരപ്പടി സ്വദേശിനിയായ പ്ലസ് വൺ വിദ്യാർഥിനി സ്വന്തം വീട്ടിൽവച്ച് ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചു സ്വയം തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു.
വിദ്യാർഥിനിയെ സിബി സ്ഥിരമായി ശല്യപ്പെടുത്തുകയും സ്കൂളിലേക്കു നടന്നുപോയ സമയത്ത് റോഡിൽ ആളൊഴിഞ്ഞ ഭാഗത്തുവച്ച് തടഞ്ഞുനിർത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നുവത്രെ.
വിവരം വീട്ടിലറിയിച്ചുവെങ്കിലും മാതാവ് മാത്രമുള്ള പെൺകുട്ടി യുവാവിന്റെ ഭാഗത്തുനിന്നു വീണ്ടും ആക്രമണം ഉണ്ടാകുമെന്നു ഭയന്ന് ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നുവെന്നു പുറയുന്നു.
സംഭവദിവസം രാവിലെ പരീക്ഷയ്ക്കു പോവുകയായിരുന്ന കുട്ടിയോടു പ്രതി മോശമായി പെരുമാറിയത് സഹപാഠികൾ അറിയിച്ചതിനെത്തുടർന്ന് നാട്ടുകാർ പ്രതിയെ താക്കീത് ചെയ്തിരുന്നു.
ആ വിരോധം വച്ചു പ്രതി ഉച്ചയ്ക്കും കുട്ടിയെ തേടി സ്ഥലത്തെത്തി. കളമശേരിയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ഒളിച്ചിരുന്ന ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വയോധികരായ മുത്തശനും മുത്തശിക്കുമൊപ്പം താമസിച്ചു വരുന്ന പ്രതി മയക്കുമരുന്നു സംഘങ്ങളുമായി ബന്ധമുള്ളയാളാണെന്നാണ് പോലീസ് നല്കുന്ന സൂചന.
കളമശേരി ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞു വരികയാണ് പെൺകുട്ടി.