കാസർഗോഡ് ജില്ലാ പോലീസ് മേധാവി വീണ്ടും സൈക്കിളിലേറി. ഇത്തവണ പ്രളയബാധിതരെ സഹായിക്കാൻ സമൂഹം മുന്നിട്ടിറങ്ങണമെന്ന സന്ദേശവുമായാണ് 50 കിലോ മീറ്റർ ദൂരം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സൈക്കിൾ യാത്ര.
സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും പ്രളയം താണ്ഡവമാടിയപ്പോൾ സഹായഹസ്തവുമായി കാസർഗോഡാണ് ആദ്യംമുന്നിട്ടിറങ്ങിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ദുരിതാശ്വാസ നിധിയിലേക്ക് സമൂഹത്തിൽ നിന്നും കൂടുതൽ സഹായം ലഭ്യമാക്കാൻ ജില്ലാ പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസ് സൈക്കിൾ യാത്രയ്ക്കിറങ്ങിയത്.
കാസർഗോഡ് ജില്ലാ പെഡലേഴ്സിലെ അംഗങ്ങളായ 15 പേർ ഉൾപ്പെടെയുള്ള സൈക്കിൾ യാത്രാസംഘത്തോടൊപ്പം ചെറുവത്തൂർ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാണ് സന്ദേശയാത്ര തുടങ്ങിയത്.
എം. രാജഗോപാലൻ എംഎൽഎ സൈക്കിൾ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.കെ. സുധാകരൻ, ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, കോസ്റ്റൽ ഇൻസ്പെക്ടർ നന്ദകുമാർ, ചന്തേര എസ്ഐ വിപിൻ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ഉച്ചകഴിഞ്ഞ് കാസർഗോഡ് നഗരത്തിൽ യാത്ര സമാപിച്ചു.
കഴിഞ്ഞ ജൂലൈയിൽ ഉദിനൂരിൽ നിന്നും മഞ്ചേശ്വരത്തേക്ക് “അടിമകളാകണം, നല്ല ശീലങ്ങൾക്ക് ‘ എന്ന മുദ്രാവാക്യവുമായി രണ്ടു ദിവസംനീണ്ട ലഹരിവിരുദ്ധ സൈക്കിൾ യാത്ര നടത്തിയിരുന്നു.