വൈക്കം: വേനൽച്ചൂട് കടുത്തതോടെ കായലിൽ കക്ക പൊട്ടി നശിക്കുന്നത് കക്കാ വാരൽ തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നു. കായലിന്റെ അടിത്തട്ടിൽ ചൂട് കഠിനമായതാണ് കക്ക ഭാഗികമായി പൊട്ടിനശിക്കുന്നതിനിടയാക്കുന്നതെന്ന് തൊഴിലാളികൾ പറയുന്നു. ഒരു വർഷത്തെ വളർച്ചയെത്തിയ കക്കകളാണ് പൊട്ടി നശിക്കുന്നത്.
തണ്ണീർമുക്കം ബണ്ടിന്റെ വടക്ക് ഭാഗത്ത് കായലിൽ വ്യാപകമായി കക്കയ്ക്ക് നാശം സംഭവിച്ചതോടെ വെച്ചൂർ, ടിവിപുരം, വൈക്കം, ചെമ്പ്, മുറിഞ്ഞ പുഴ ഭാഗങ്ങളിലായി 5000ത്തോളം കക്കാവാരൽ തൊഴിലാളി കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്.കക്കവാരൽ തൊഴിലാളികളുടെ ദൈനംദിന ജീവിതം നടക്കുന്നത് കക്കവാരി ലഭിക്കുന്ന ഇറച്ചിവിറ്റാണ്. 20 കിലോഗ്രാം തൂക്കം വരുന്ന ഒരുകുട്ട കക്ക പൊട്ടിച്ചാൽ മൂന്നു കിലോഗ്രാം കക്കയിറച്ചി ലഭിച്ചിരുന്നത് ഇപ്പോൾ രണ്ടു കിലോഗ്രാമായി കുറഞ്ഞു.
വലിയ കക്ക പൊട്ടിച്ചെടുക്കുന്ന ഇറച്ചിക്ക് കിലോഗ്രാമിന് എഴുപതു രൂപയും ചെറുതിന് 30 രൂപയുമാണ് വില. ഏറ്റുമാനൂർ, കോവിലകത്തുംകടവ്, ചെമ്പ്, നാനാടം തുടങ്ങിയ ചന്തകളിലും ജില്ലയുടെ കിഴക്കൻ പ്രദേശത്തേക്കുമാണ് കക്കയിറച്ചി കൂടുതലയാ വിൽക്കാൻ കൊണ്ടുപോകുന്നത്.
കക്കയിറച്ചിയുടെ ലഭ്യതയിൽ കുറവുവന്നതോടെ കക്കവാരാൻ പോകുന്നവരുടെ എണ്ണം പ്രതിദിനം കുറഞ്ഞുവരികയാണ്.കക്കവാരലുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന കുമരകം, വെച്ചൂർ, വൈക്കം, പള്ളിപ്രത്തുശേരി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന നാല് കക്കാ സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തെയും കക്കയ്ക്കുണ്ടാവുന്ന നാശം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
കക്കപൊട്ടി നശിക്കുന്നത് തുടർന്നാൽ ഓരിന്റെ അളവ് ഏറ്റവും കൂടുതലാകുന്ന വരും മാസങ്ങളിൽ കക്കയുടെ പ്രജനനത്തെയും കാലാവസ്ഥവ്യതിയാനം സ്വാധീനിക്കാനിടയുണ്ടെന്ന് കക്കതൊഴിലാളികൾ പറയുന്നു. കക്കയുടെ പ്രജനനം നടക്കുന്ന സമയത്തും ചൂടിന്റെ നിലയിൽ മാറ്റമുണ്ടായില്ലെങ്കിൽ വലിയ കക്ക പൊട്ടിനശിക്കുന്നതുപോലെ മല്ലി കക്കയും പൊട്ടിനശിച്ചാൽ പരമ്പരാഗത കക്കാവാരൽ മേഖലയിൽ വർഷങ്ങളോളം വറുതിയുടെ കാലമായിരിക്കും വരുന്നതെന്ന ആശങ്കയാണ് കക്കാവാരൽ മേഖലയിലുള്ളവർക്ക്.
കക്കയ്ക്ക് പുറമേ മത്സ്യങ്ങളുടെ ലഭ്യതയിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. വലയിൽ കുടുങ്ങുന്ന മത്സ്യങ്ങൾ പൊടുന്നനെ ചാകുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. കഴിഞ്ഞ ദിവസം വലയിൽ കുടുങ്ങിയ 30 കിലോഗ്രാം ഭാരമുള്ള തെരണ്ടി ഉടൻ ചത്തത് മുൻകാലങ്ങളിലൊന്നുമുണ്ടാകാത്ത കാര്യമാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
കക്കവ്യാപകമായി പൊട്ടിനശിക്കുന്നത് കണക്കിലെടുത്ത് സർക്കാർ കക്കാവാരൽ തൊഴിലാളികൾക്ക് വരൾച്ച ദുരിതാശ്വാസം നൽകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.