റിയോ ഡി ഷാനെറോ: മുന്‍ ലോകകപ്പ് ചാമ്പ്യന്‍, ബ്രസീലിന്റെ ഫുട്ബോള്‍ താരം കക്ക വിരമിക്കല്‍ പ്രഖ്യാപിച്ചു. ഒരു ടെലിവിഷന്‍ ചാനലിലൂടെയാണ് കക്ക വിരമിക്കല്‍ തീരുമാനം ലോകത്തെ അറിയിച്ചത്. അതേസമയം ഒരു കളിക്കാരന് എന്ന നിലയില്‍ മാത്രമാണ് താന്‍ വിരമിക്കുന്നതെന്നും ഫുട്ബോളില്‍ മറ്റൊരു റോളില്‍ താന്‍ തുടരുമെന്നും കക്ക പറഞ്ഞു. 35-ാം വയസിലാണ് താരത്തിന്റെ വിരമിക്കല്‍.
ഇനി കളിക്കാരാ നായല്ല, ഏതെങ്കിലും ഒരു ക്ലബിന്റെ മാനേജരായോ സ്പോര്‍ട്ടിംഗ് ഡയറക്ടറായോ ഫുട്ബോളിനൊപ്പം നടക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നു കക്ക വ്യക്തമാക്കി.2002 ല്‍ ഫിഫ ലോകകപ്പും 2005, 2009 ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പും നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്ന കക്ക ഏറെ വ്യക്തിഗത നേട്ടങ്ങളും സ്വന്തമാക്കി. 2007ല്‍ മാത്രം പത്തിലേറെ ബഹുമതികളാണ് കക്കയെ തേടിയെത്തിയത്.
ഫിഫ വേള്‍ഡ് പ്ലെയര്‍ ഓഫ് ദ ഇയര്‍, ഫിഫ്പ്രോ വേള്‍ഡ് പ്ലെയര്‍ ഓഫ് ദ ഇയര്‍, വേള്‍ഡ് സോക്കര്‍ പ്ലെയര്‍ ഓഫ് ദ ഇയര്‍, ഇയാഫ് ലാറ്റിന്‍ സ്പോര്‍ട്സ് മാന്‍ ഓഫ് ദ ഇയര്‍, യുവേഫ ക്ലബ് ഫുട്ബോളര് ഓഫ് ദ ഇയര്‍ എന്നിവയ്ക്കു പുറമേ ബാലന് ഡി ഓറും ഫിഫ വേള്‍ഡ് പ്ലയര്‍ ഓഫ് ദ ഇയര്‍ പുരസ്കാരവു 2007ല്‍ കക്കയെ തേടിയെത്തി.
ഇനിയും അവസാനിക്കാത്ത ബഹുമതിപ്പട്ടികകളില് ഒട്ടും അഹങ്കരിക്കുന്നില്ല എന്നതു തന്നെയാണ് കക്കയെ വ്യത്യസ്തനാക്കുന്നത്. എല്ലാം ദൈവത്തിന്റെ കൃപ കൊണ്ടു മാത്രമാണെന്ന് അടിയുറച്ചു വിശ്വസിക്കുന്ന താരം തന്റെ ട്വിറ്ററില്‍ കുറിച്ചതും അതു തന്നെയാണ്. ‘’ ദൈവമേ, ഞാന്‍ പ്രതീക്ഷിച്ചതിലും വളരെ കൂടുതല്‍ അങ്ങ് എനിക്കു നല്‍കിയതിന് നന്ദി പറയുന്നു. യേശുവിന്റെ നാമത്തില്‍ ഞാന്‍ എന്റെ അടുത്ത യാത്രയ്ക്ക് തയാറെടുക്കുന്നു.’’
സാവോ പോളോയോടൊപ്പം കരിയര്‍ ആരംഭിച്ച കക്കയുടെ പ്രകടനമികവ് യൂറോപ്പിലെ മുന്‍നിര ക്ലബുകളിലൊന്നായ എസി മിലാനെ ആകര്‍ഷിച്ചു. 2003ല്‍ മിലാന്റെ ഭാഗമായ കക്കയുടെ കായികജീവിതം കഥ പോലെ അവിശ്വസനീയം. ബാലന് ഡി ഓര് അവാര്‍ഡ് കക്കയെ തേടിയെത്തിയതും മിലാന്റെ ഭാഗമായിരിക്കുമ്പോളാണ്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും ലയണല്‍ മെസിക്കും മുമ്പ് ഈ ബഹുമതി സ്വന്തമാക്കി. 2007 യുവേഫ ചാമ്പ്യന്‍സ് ലീഗ് നേടാന്‍ മിലാനെ സഹായിച്ചത് കക്കയുടെ ബൂട്ടുകളായിരുന്നു. 10 ഗോളുകളാണ് മിലാനു വേണ്ടി ചാമ്പ്യന്‍സ് ലീഗില്‍ താരം നേടിയത്. ടൂര്‍ണമെന്റിലെ ടോപ് സ്കോററും ബ്രസീലിയന്‍ താരമായിരുന്നു.
മധ്യനിരയില്‍ കക്ക പുലര്‍ത്തിയ മികവ് കണ്ട റയല്‍ മാഡ്രിഡ് 2009ല്‍ തങ്ങളുടെ ഭാഗമാക്കി. 8.9 കോടി ഡോളര്‍ എന്ന അന്നത്തെ ലോകറിക്കാര്‍ഡ് തുകയ്ക്ക് കക്കയെ സ്വന്തമാക്കി. പക്ഷേ എന്തുകൊണ്ടോ മിലാനിലെ പ്രകടനം മാഡ്രിഡില്‍ ആവര്‍ത്തിക്കാന്‍ പലപ്പോഴും കക്കയ്ക്ക് കഴിഞ്ഞില്ല. എന്നാല്‍ ലാ ലിഗ നേടിയ റയലിന്റെ 2011-12, 2010-11 ടീമിലും അംഗമായിരുന്നു.
റയലിനുവേണ്ടി 120 കളിയില്‍ നിന്ന് 29 ഗോളും 32 അസിസ്റ്റുമുള്ള കക്ക 2013 ഓഗസ്റ്റില്‍ റയല്‍ വിടുന്നതില്‍ താത്പര്യമറിയിച്ചു. 2013 സെപ്റ്റംബറില്‍ വീണ്ടും കക്ക തന്റെ പഴയ ക്ലബായ മിലാനില്‍ തിരിച്ചെത്തി. 2014 കക്ക മേജര്‍ സോക്കര്‍ ലീഗിലേക്കു ചേക്കേറി. ഓർലാന്‍ഡോ സിറ്റിക്കു വേണ്ടി ബൂട്ടുകെട്ടി.
മുന്‍ ക്ലബ് സാവോ പോളോയ്ക്കു വേണ്ടി വായ്പ വ്യവസ്ഥയില്‍ കളിച്ചു. 2015 വീണ്ടും ഓര്‍ലാന്‍ഡോ സിറ്റിക്കൊപ്പം ചേര്‍ന്നു. ഓര്ലാന്ഡോയ്ക്കു വേണ്ടി 75 ലീഗ് മത്സരങ്ങളില്‍ 24 ഗോളും 23 അസിസ്റ്റും സ്വന്തമാക്കി. ഓര്‍ലാന്‍ഡോ വിടുകയാണെന്ന് അറിയിച്ചപ്പോള്‍ മുന്‍ ക്ലബ്ബുകളായ സാവോ പോളോയും മിലാനും രംഗത്തെത്തി. എന്നാല്‍ കളിക്കാരനായി തുടരാന്‍ താത്പര്യമില്ലെന്ന് കക്ക അറിയിച്ചു.
ബ്രസീലിനു വേണ്ടി 92 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നായി 29 ഗോളുകളാണ് താരം നേടിയത്. 2014ല്‍ ബ്രസീലില്‍ വച്ചു നടന്ന ഫിഫ ലോകകപ്പില്‍ പങ്കെടുക്കാനാകാത്തതും കഴിഞ്ഞവര്‍ഷം നടന്ന കോപ്പ അമേരിക്കയില്‍ നിന്ന് പരിക്കു മൂലം മാറിനില്‍ക്കേണ്ടി വന്നതും കക്കയുടെ ഏറ്റവും വലിയ സങ്കടങ്ങളില്‍ പെടുന്നു.