മട്ടന്നൂർ: വെളിയമ്പ്ര പഴശി ഡാമിന് സമീപം കാക്കകൾ കൂട്ടത്തോടെ ചത്ത നിലയിൽ. അറവുമാലിന്യം ഭക്ഷിച്ചതാണെന്ന് സംശയം. ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും പരിശോശന നടത്തി.
വെളിയമ്പ്ര ബാഫക്കി തങ്ങൾ എൽപി സ്കൂളിന് സമീപത്തെ ചെങ്കൽ ക്വാറിയിലും കശുമാവിൻ തോട്ടത്തിലുമായാണ് കൂടുതലായും കാക്കകളെ ചത്ത നിലയിൽ കാണപ്പെട്ടത്. സമീപത്തെ വീട്ടുമുറ്റത്ത് കാക്കകളെ ചത്ത നിലയിൽ കാണുകയും പരിസരത്ത് ദുർഗന്ധമുണ്ടാകുകയും ചെയ്തതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കാക്കകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത്.
മരകൊമ്പിലും നിലത്തുമായി ചത്തു കിടന്ന കാക്കകൾ പുഴുവരിച്ച നിലയിലായിരുന്നു. ചെങ്കൽ ക്വാറിയിൽ വ്യാപകമായി അറവു മാലിന്യം തള്ളിയ നിലയിലുമായിരുന്നു. ചെങ്കൽ ക്വാറിയിൽ നിന്ന് പോത്തുകളെ അറുത്ത് അവശിഷ്ടങ്ങൾ ഇവിടെ തന്നെ തള്ളുകയാണ് പതിവ്.
അറവുമാലിന്യങ്ങൾ ഭക്ഷിച്ചാണ് കാക്കകൾ കൂട്ടത്തോടെ ചത്തുപോകാൻ കാരണമെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് 50 ഓളം വീടുകളുണ്ട്. കാക്കകൾ കൂട്ടത്തോടെ ചത്തതിനാൽ പ്രദേശത്ത് പകർച്ച വ്യാധി ഭീഷണിയുണ്ട്.
നാട്ടുകാർ വിവരം നൽകിയതിനാൽ ഇരിട്ടി നഗരസഭ ആരോഗ്യ വിഭാഗ ഉദ്യോഗസ്ഥരും മൃഗ ഡോക്ടറും സ്ഥലം സന്ദർശിച്ചു. ആരോഗ്യ വിഭാഗത്തിന്റെ നിർദ്ദേശത്തെ തുടർന്നു അറിവു മാലിന്യം പിന്നീട് മണ്ണിട്ട് മൂടി.