വിതുര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി കാക്ക രഞ്ജിത്തും സംഘവും അറസ്റ്റിൽ. കല്ലാറിനടത്തുള്ള ഒരു സ്വകാര്യ റിസോർട്ടിൽ നിന്നാണ് വിതുര പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
കുഴൽപ്പണം പിടിച്ചുപറിക്കൽ, ദേഹോപദ്രവം ഏൽപ്പിച്ച് പണം കവരൽ, സ്വർണക്കടത്ത്, തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം കവരൽ, രേഖകളില്ലാതെ കള്ളക്കടത്ത് നടത്തിയ സ്വർണം പിടിച്ചുപറിക്കൽ,
കള്ളക്കടത്ത് സ്വർണം കടത്തിക്കൊണ്ട് പോയ ഏജന്റിനെ തട്ടിക്കൊണ്ട് പോയി കൊല്ലാൻ ശ്രമിക്കൽ, 50 ലക്ഷത്തോളം ഹവാല പണം കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ഏജന്റിൽ നിന്നും പിടിച്ചുപറിച്ചത് ഉൾപ്പെടെ നിരവധി കേസുകൾകാക്ക രഞ്ജിത്തിന്റെ പേരിലുണ്ട്.
കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ സ്റ്റേഷനുകളിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള പ്രതി വിവിധയിടങ്ങളിൽ വർഷങ്ങളോളം ഒളിവിൽ താമസിക്കുകയായിരുന്നു.
കോഴിക്കോട് ഡിസിപിയിൽ നിന്നും ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് സ്വകാര്യ റിസോർട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്.
പ്രതിയോടൊപ്പം ഒരു സ്ത്രീയും സ്ഥലത്തുണ്ടായിരുന്നു. തുടർന്നുള്ള വാഹന പരിശോധനയിലാണ് ഇയാൾക്ക് അകമ്പടി സേവിച്ച ഗുണ്ടാസംഘത്തെ മാരകായുധങ്ങളുമായി അറസ്റ്റ് ചെയ്തത്.
കോഴിക്കോട് വളയനാട് കിണാശേരി പീടിയേക്കൽ ഹൗസിൽ ഫൈജാസ് (28), കോഴിക്കോട് ഒളവണ്ണ പന്തീരങ്കാവ് പൂളേക്കര നിജാസ് (35), കോഴിക്കോട് പെരുവയൽ കൊളാപറമ്പ് കൊടശേരിത്തായം മാക്കോത്തിൽ രജീഷ് (33), കോഴിക്കോട് വളയനാട് കിണാശേരി കാവുങ്ങൽ ഹൗസിൽ മനോജ് (27) എന്നിവരാണ് അറസ്റ്റിലായത്.
മറ്റ് സംഘങ്ങളിൽ നിന്നും വധഭീഷണി ഉള്ളതിനാലാണ് ഗുണ്ടാസംഘങ്ങളുമായി സഞ്ചരിക്കുന്നതെന്നാണ് കാക്ക രഞ്ജിത്ത് പോലീസിനോട് പറഞ്ഞത്. വൈദ്യ പരിശോധനയിൽ പ്രതികളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് പോലീസ് പറഞ്ഞു.
വിതുര സിഐ എസ്. ശ്രീജിത്ത്, എസ്ഐ എസ്. എൽ. സുധീഷ്, സിപിഒമാരായ നിതിൻ, ഹാഷിം, രതീഷ്, രജിത്, ലിജൂഷാൻ, പ്രദീപ്, ഷാഡോ പോലീസ് ഉദ്യോഗസ്ഥരായ സുനിൽലാൽ, ഷിബുകുമാർ, നെവിൽ, സജു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
ഗുണ്ടാസംഘം സഞ്ചരിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. പ്രതികളെ കോഴിക്കോട് പോലീസിന് കൈമാറി.