പേരൂര്‍ക്കട: മൂന്നുദിവസം നൂലില്‍ കുടുങ്ങി ആകാശത്തു കിടന്ന കാക്കയ്ക്ക് ഒടുവില്‍ പുനര്ജന്മം. തിരുവനന്തപുരം രാജാജി നഗര്‍ കലാഭവന്‍ മണി റോഡില്‍ ഒരു ഗ്യാസ് ഗോഡൗണിനു സമീപത്തുള്ള മരത്തിന്റെ ഉയരമുള്ള ശിഖരത്തിലാണ് കാക്ക നൂലില്‍ കുടുങ്ങി മൂന്നു ദിവസങ്ങള്‍ കഴിച്ചുകൂട്ടിയത്.
18നാണ് സംഭവം. താഴത്തും ആകാശത്തുമല്ലാതെ കാക്കയുടെ ചിറകുകള് ഉള്‍പ്പെടെ കുരുങ്ങിയ അവസ്ഥയിലായിരുന്നു. പനവിള ചെമ്പകനഗര്‍ സ്വദേശിനി വള്ളിയമ്മ (53) യുടെ ഇടപെടലാണ് കാക്കയ്ക്ക് പുതുജീവിതം സമ്മാനിച്ചത്.
ആദ്യം പലരും ഇവരെ ഉദ്യമത്തില്‍ നിന്നു പിന്തിരിപ്പിക്കുകയായിരുന്നു. മൂന്നാമത്തെ ദിനമായ തിങ്കളാഴ്ചയും കാക്കയ്ക്ക് ചലനവും ജീവനും ഉണ്ടെന്നു കണ്ടതോടെ ഇവരുടെ മനസ്സു പിടഞ്ഞു. പിന്നെ വൈകിയില്ല, ഉടന്‍തന്നെ ഫയര്ഫോഴ്സില്വിവരമറിയിക്കുകയായിരുന്നു.
തിരുവനന്തപുരം ഓഫീസില്‍ നിന്ന് സ്റ്റേഷന് ഓഫീസര്‍ തുളസീധരന്‍, അസി. സ്റ്റേഷന് ഓഫീസര്‍ നോബിള്‍, ഫയര്‍ ആന്റ് റസ്ക്യു ഓഫീസര്‍മാരായ ലിജു, വിജിന്‍ലാല്‍, അരുണ്‍ലാല്‍, ഓഫീസര്‍ ശ്യാമളന് എന്നിവര്‍ ഉള്‍പ്പെടെ സംഘമാണ് കാക്കയെ കുരുക്കില്‍ നിന്നു രക്ഷപ്പെടുത്തിയത്.
വള്ളിയമ്മ കാക്കയ്ക്ക് വെള്ളവും ആഹാരവും നല്കി പരിചരിച്ചു. മണിക്കൂറുകള്‍ക്കകം ആരോഗ്യം വീണ്ടെടുത്ത കാക്ക ആകാശത്തേക്ക് പറന്നകലുകയായിരുന്നു.