കൊയിലാണ്ടി: കർണാടകയിലെ ചിക്മംഗ്ലുരിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ടൂറിസ്റ്റ് ഹോമിൽ താമസിപ്പിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ അന്തർ സംസ്ഥാന സെക്സ് റാക്കറ്റിൽപ്പെട്ട കർണ്ണാടക സ്വദേശിനിയായ മുഖ്യപ്രതി ഫർസാനയെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു. 2019 ൽ തിരുവമ്പാടി പോലീസ് രജിസ്റ്റർ ചെയ്ത കേസ് റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഈ കേസിൽ റിസോർട്ട് ഉടമയടക്കം മൂന്നു പേർ നേരത്തെ അറസ്റ്റിലായിരുന്നു.
ഫർസാന പെൺകുട്ടിയെ ആദ്യം വയനാട് ടൂറിസ്റ്റ് ഹോമിൽ താമസിപ്പിച്ച് പലർക്കും കാഴ്ചവച്ചു. പിന്നീട് പെണ്‍കുട്ടിയെ വെള്ളിമാട്കുന്ന് റസ്ക്യൂ ഹോമിൽ താമസിപ്പിച്ചു. ഇതിനിടയിൽ മാതാപിതാക്കൾ എത്തി കുട്ടിയെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഫർസാന വീണ്ടും കുട്ടിയെ കൂട്ടികൊണ്ടു വന്ന് വയനാട്ടിൽ താമസിപ്പിച്ചു. തുടർന്ന് കക്കാടംപൊയിൽ റിസോർട്ടിലെ മൂന്നു നില കെട്ടിടത്തിൽ താമസിപ്പിച്ച ശേഷം പലർക്കും കാഴ്ചവയ്ക്കുകയായിരുന്നു. തദ്ദേശവാസികൾ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
ഇതിനിടയിൽ പെൺകുട്ടി ഗർഭിണിയായി. കേസ് പിന്നീട് റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ. ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്ത് അന്വേഷണമാരംഭിക്കുകയായിരുന്നു.തുടർന്ന് ഡിഎൻഎ പരിശോധന നടത്തുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തു. പെൺകുട്ടിയുടെ വീടിനടുത്തുള്ള ഫർസാനയുടെ മോഹന വാഗ്ദാനങ്ങളിൽ കുടുങ്ങിയാണ് കക്കാടംപൊയിലിൽ എത്തിയത്. ചിക്മംഗ്ലൂരിൽ അന്വേഷണ ഉദ്യോഗസ്ഥരായ പി.പി.മോഹനകൃഷ്ണൻ, എം.പി.ശ്യാം, കെ. വിജി തുടങ്ങിയവരാണ് ഫർസാനയെ പിടികൂടിയത്.