പോത്താനിക്കാട്: നിർദിഷ്ട കക്കടാശേരി-ചേലച്ചുവട് സംസ്ഥാനപാത പദ്ധതിക്ക് പുതുജീവൻ നൽകി ഒന്നാംഘട്ട സർവേ നടപടികൾക്ക് തുടക്കമായി. പാതയിലൂടെ ദിനംപ്രതി കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം കണക്കാക്കുന്ന സർവേ മൂന്നു ദിവസത്തിൽ പൂർത്തീകരിച്ചു. കെഎസ്ടിപി നിർദേശപ്രകാരം കൊല്ലം ആസ്ഥാനമായ എസ്എഎസ് സർവയേഴ്സ് ആൻഡ് എൻജിനീയേഴ്സ് എന്ന സ്ഥാപനമാണ് സർവേ നടത്തിയത്.
സംസ്ഥാന ബജറ്റിൽ കിഫ്ബിയിൽ ഉൾപ്പെടുത്തിയോ, നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയോ റോഡ് നിർമാണം പൂർത്തീകരിക്കാവുന്ന വിധമാണ് കെഎസ്ടിപി റോഡിനായി രൂപരേഖ വിഭാവനം ചെയ്യുന്നത്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ കക്കടാശേരിയിൽ തുടങ്ങി കോതമംഗലം ഇടുക്കി റോഡിലെ ചേലച്ചുവടുവരെയെത്തുന്ന 50 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയാണിത്.
കൊച്ചിയിൽനിന്ന് മറ്റു റൂട്ടുകളെ അപേക്ഷിച്ച് ഇടുക്കിയിലെത്താൻ ദൂരക്കുറവും, നിരവധി ഗ്രാമങ്ങളുടെ ഗതാഗത വികസനവുമാണ് പദ്ധതിയുടെ മുഖ്യ ആകർഷണം. ആലപ്പുഴ-മധുര സംസ്ഥാന ഹൈവേ പദ്ധതിയിൽ ചേലച്ചുവടിനെയും മുരിക്കാശേരിയെയും ബന്ധിപ്പിച്ച് പാലംകൂടി യാഥാർഥ്യമായതോടെ എറണാകുളത്തുനിന്ന് മുവാറ്റുപുഴ വഴി ഈ പാതയിലൂടെ മേലെ ചിന്നാർ, ബഥേൽ, നെടുങ്കണ്ടം, കന്പംമെട് വഴി മധുരയ്ക്ക് 40 കിലോമീറ്ററോളം ദൂരക്കുറവും യാത്രികർക്കുണ്ടാകും.
നിലവിൽ ഈ റോഡിന്റെ ഭാഗമായ വണ്ണപ്പുറം മുതൽ ചേലച്ചുവടു വരെ ആലപ്പുഴ-മധുര സംസ്ഥാന ഹൈവേ പദ്ധതിയിൽ ഉൾപ്പെടുത്തിയതിനാൽ എറണാകുളം ജില്ലയിൽ ഉൾപ്പെട്ട കക്കടാശേരി മുതൽ ഞാറക്കാട് വരെയും, ഇടുക്കി ജില്ലയിൽ ഒടിയപാറ മുതൽ വണ്ണപ്പുറം വരെയുള്ള ഭാഗത്തെ നിർമാണമാണ് പ്രധാനമായി പദ്ധതി പരിഗണിക്കുന്നത്. സംസ്ഥാനത്തെ സുപ്രധാനമായ 57 റോഡുകളിൽ ഒന്നായി അടുത്ത കിഫ്ബി, നബാർഡ് പദ്ധതിയിൽ പാത ഉൾപ്പെടുത്തുന്നതിനാണ് ഇപ്പോൾ സർവേ പുരോഗമിക്കുന്നത്.
പാതയുടെ ഭാഗമായ ആയവന, പോത്താനിക്കാട്, പൈങ്ങോട്ടൂർ, വണ്ണപ്പുറം പഞ്ചായത്തുകളിലെ പ്രധാന കവലകളും, വളവുകളും വികസിപ്പിച്ചും അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിച്ചും യാഥാർഥ്യമാക്കാൻ ഒരുങ്ങുന്ന പദ്ധതിക്കായി സർക്കാരും, എൽദോ ഏബ്രഹാം എംഎൽഎയും നടത്തുന്ന ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നതായി കക്കടാശേരി – ചേലച്ചുവട് സംസ്ഥാനപാത ആക്ഷൻ കൗണ്‍സിൽ കണ്‍വീനർ എൽദോസ് പുത്തൻപുര അറിയിച്ചു.