പയ്യന്നൂര്‍:കക്കമ്പാറയിലെ ഭൂമി പിളരല്‍ സംഭവത്തെപറ്റി ശാസ്ത്രീയമായി പഠിക്കുന്നതിനും പരിഹാര മാര്‍ഗങ്ങള്‍ തീരുമാനിക്കുന്നതിനുമായി ഉന്നതതല പഠനസംഘമെത്തി.സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമത്തിയ പഠനസംഘം പ്രദേശത്തെ ഭൂമിയുടെ ഘടന പഠന വിധേയമാക്കി.
കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഭൂമിശാസ്ത്ര പഠന കേന്ദ്രത്തിലെ ശാസ്ത്രജ്ഞന് ജി.ശങ്കര്‍,സംസ്ഥാന ദുരന്ത നിവാരണ മാനേജ്മെന്റ് അതോറിറ്റി പരിശോധകന് ജി.എസ്.പ്രദീപ്, ദുരന്ത നിവാരണ മാനേജ്മെന്റ ഡെപ്യൂട്ടി കളക്ടര്‍ സി.വിശാലാക്ഷി, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ പ്രകാശ് തുടങ്ങിയവരാണ് ഇന്നലെ കക്കമ്പാറയിലെത്തിയത്. പയ്യന്നൂര്‍ തഹസില്‍ദാര്‍ കെ.ബാലഗോപാലന്,രാമന്തളി വില്ലേജ് ഓഫീസര്‍ പി.സുധീര്‍കുമാര്‍ എന്നിവരും കക്കമ്പാറിയിലെത്തിയിരുന്നു.
പ്രശ്നപരിഹാരത്തിനായി പരിസരവാസികളെ മാറ്റിത്താമസിപ്പിക്കേണ്ടിവരുമെന്നതാണ് പൊതുവെയുയര്‍ന്ന ചര്‍ച്ച.എന്നാല്‍ പുനരധിവസിപ്പിക്കുന്ന കുടുംബങ്ങള്‍ക്ക് പരമാവധി 10 ലക്ഷം രൂപവരെ മാത്രമേ ലഭിക്കൂവെന്നതിനാല്‍ പുനരധിവാസം എളുപ്പമാകില്ല എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.കക്കമ്പാറയിലെ ഭൂമിയുടെ ഘടന പരിശോധിച്ചതില്‍നിന്നും വിണ്ടകന്ന പാറക്കൂട്ടങ്ങള്‍ പൊളിച്ച് നീക്കി ബാക്കി ഭാഗം ബലപ്പെടുത്തിയാല്‍ പ്രശ്ന പരിഹാരമാകില്ലെന്നാണ് ചര്‍ച്ചയിലുയര്‍ന്ന ഒരഭിപ്രായം.
തുടര്‍ന്നും വിള്ളലുകളുണ്ടാന് സാധ്യതയുള്ളതിനാല്‍ ബലപ്പെടുത്തല്‍ ഉപകാരപ്രദമാകുമോയെന്ന സംശയമാണ് ഈ അഭിപ്രായത്തിന്റെ അടിസ്ഥാനം.പുറംഭാഗം ബലപ്പെടുത്തി അടര്‍ന്നകന്ന പാറക്കെട്ടുകളെ അവിടെതന്നെ ഉറപ്പിച്ച് നിര്‍ത്തണമെന്നും അതിനുശേഷം വിള്ളലുകള്‍ നികത്തി മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതാണ് നല്ലതെന്നും അഭിപ്രായമുണ്ടായി.
ഇന്ന് തിരുവനന്തപുരത്ത് കൂടി കൂടിച്ചേരുന്ന പഠനസംഘത്തിന്റെ ചര്‍ച്ചക്ക് ശേഷം തയാറാക്കുന്ന പഠന റിപ്പോര്‍ട്ട് അഞ്ച് ദിവസത്തിനകം സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നറിയുന്നു.ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കക്കമ്പാറയിലെ ഭൂമി പിളരല്‍ സംഭവത്തിന്റെ പരിഹാര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 17ന് രാവിലെ മുതലാണ് കക്കമ്പാറയില് ഭൂമി പിളര്ന്നകന്നത് കാണാന്‍ തുടങ്ങിയത്.