പയ്യന്നൂര്‍: വീണ്ടും കാലവര്‍ഷം എത്തുമ്പോള്‍ തീയണയാത്ത മനസുമായി കക്കമ്പാറ നിവാസികള്‍. പിളര്‍ന്നു നില്ക്കുന്ന പാറക്കെട്ടുകളാണ് മഴയെത്തുമ്പോള്‍ വീണ്ടും ജനങ്ങളില്‍ ഭീതിയുണര്‍ത്തുന്നത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 17ന് രാവിലെ മുതലാണ് രാമന്തളി കക്കമ്പാറ ജംഗ്ഷന് കിഴക്ക് ഭാഗത്തായി ഓലക്കാല് മഖാമിന് സമീപത്ത് അന്‍പതടി താഴ്ചയിലേക്ക് വീഴാന്‍ പാകത്തില്‍ പാറക്കെട്ടുകള്‍ പിളര്ന്നുനില്ക്കുന്ന കാഴ്ച കാണാന്‍ തുടങ്ങിയത്.
കണ്ണൂര്‍ ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം പരിസരവാസികളെ മാറ്റിത്താമസിപ്പിച്ചിരുന്നതാണ്. പരിശോധനകളും പഠനങ്ങളും നടപടിയിലേക്കെത്താതെ വന്നപ്പോള്‍ മാറ്റിത്താമസിപ്പിക്കപ്പെട്ടവര് ഗത്യന്തരമില്ലാതെ വീണ്ടും അവരുടെ വീടുകളിലെത്തി താമസം തുടങ്ങുകയായിരുന്നു.
ഇതിനിടയില്‍ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും വിവിധ പഠനസംഘങ്ങളും കക്കമ്പാറയിലെത്തിയിരുന്നു.
ഒടുവില്‍ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഭൂമിശാസ്ത്ര പഠനകേന്ദ്രത്തിലെ ശാസ്ത്രജ്ഞനും സംസ്ഥാന ദുരന്തനിവാരണ മാനേജ്മെന്റ് അഥോറിറ്റി പരിശോധകനും സ്ഥലത്തെത്തുകയും ഇവരുടെ പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുകയും ചെയ്തു.
എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഭീതിയുണര്‍ത്തി പിളര്‍ന്നു നില്ക്കുന്ന പാറക്കെട്ടുകള്‍ നീക്കം ചെയ്യുന്നതിനോ മറ്റു നടപടികള്‍ സ്വീകരിക്കുന്നതിനോ ആയിട്ടില്ല.
പാറ പിളര്‍ന്നതിന്റെ സമീപങ്ങളിലായി അനുബന്ധ വിള്ളലുകള്‍ രൂപപ്പെട്ടതോടെയാണ് പാറക്കെട്ടുകള്‍ക്ക് മുകളിലും താഴേയുമാി താമസിക്കുന്നവര്‍ കൂടുതല്‍ ഭയത്തിലായത്.
ഇത്തവണ അതിവര്‍ഷമുണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ ആധിയോടെ കഴിയുകയാണ് പ്രദേശവാസികള്‍.