മുക്കം: കക്കാടംപൊയില്‍ റിസോര്‍ട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ച്ചവച്ച കേസില്‍ വന്‍ റാക്കറ്റെന്ന് സൂചന.
ബത്തേരി മടക്കിമല സ്വദേശി ഇല്ല്യാസ് എന്ന റിച്ചുവിനെ കഴിഞ്ഞദിവസം കോഴിക്കോട് റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തിരുന്നു.
അന്തര്‍ സംസ്ഥാന പെണ്‍വാണിഭ സംഘത്തിലെ മുഖ്യകണ്ണിയാണ് ഇയാളെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്. ഹരിദാസ് പറഞ്ഞു. രണ്ടാഴ്ച മുമ്പ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായ കര്‍ണാടക സ്വദേശിനി ഫര്‍സാനയുടെ കൂട്ടാളിയാണ് ഇല്ല്യാസ് .
ഇയാളാണ് വയനാട്ടിലെ റിസോര്‍ട്ടുകളില്‍ പെണ്‍കുട്ടികളെ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കിയിരുന്നത്. വന്‍ റാക്കറ്റ് ഇയാള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.പിടികൂടാതിരിക്കാനായി വീടുകള്‍ മാറി മാറി താമസിക്കുകയും കാറുകള്‍ മാറി ഉപയോഗിക്കുകയുമാണ് ഇയാള്‍ ചെയ്യുന്നത്.
കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ ഫോട്ടോകള്‍ വരെ ഇയാളുടെ കൈവശം ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മനുഷ്യക്കടത്ത്, ബലാത്സംഗം തുടങ്ങിയ കേസുകള്‍ ഇയാളുടെ പേരിലുണ്ട്.
മുതിര്‍ന്ന സ്ത്രീകളെ ഉപയോഗിച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വലയിലാക്കിയാണ് അന്തര്‍ സംസ്ഥാന പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നത്. ഫോണ്‍ വഴിയും സാമൂഹിക മാധ്യമങ്ങള്‍ വഴിയുമാണ് പെണ്‍കുട്ടികളെ വലയിലാക്കുക.
പിന്നീട് റിസോര്‍ട്ട് ലീസിനെടുത്ത് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യും. ഏത് പ്രായക്കാരെ വേണമെന്നാണ് ഇവര്‍ ആവശ്യക്കാരോട് ആദ്യം ചോദിക്കുക. പിന്നീട് ഏത് ഭാഷക്കാര്‍ വേണമെന്നും ചോദിച്ച ശേഷമാണ് ആളെ എത്തിച്ച് നല്‍കുക.
വര്‍ക്ക്, പീസ് തുടങ്ങിയ കോഡ് ഭാഷകള്‍ ആണ് ഇവര്‍ക്കിടയില്‍ ആശയ വിനിമയത്തിന് ഉപയോഗിക്കാറുള്ളത്. വാട്സാപ് വഴി ചിത്രങ്ങള്‍ അയച്ച് നല്കിയ ശേഷം അക്കൗണ്ട് നമ്പർ നല്കി പണം ഇടാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുക.
അന്‍പത് വയസിന് മുകളില്‍ പ്രായമുള്ളവരാണ് ചെറിയ പെണ്‍കുട്ടികളെ തേടിയെത്തുന്നത്. ഇവരെ തെറ്റിദ്ധരിപ്പിക്കാനായി പ്രായപൂര്‍ത്തിയായതായി കാണിക്കുന്ന പെണ്‍കുട്ടികളുടെ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ പെണ്‍വാണിഭ സംഘം നല്‍കാറുമുണ്ട്.
ബാംഗ്ലൂരിൽ നിന്നാണ് ഇവര്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സംഘടിപ്പിക്കുക. കക്കാടംപൊയില്‍ പെണ്‍വാണിഭത്തില്‍ പലരും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവാത്ത കാര്യം പോലീസ് അന്വേഷണത്തിന് വിളിക്കുമ്പോഴാണ് അറിയുന്നത്.
ഇവരെയെല്ലാം വ്യാജ തിരിച്ചറിയല്‍ രേഖകള്‍ കാണിച്ച് സംഘം വഞ്ചിച്ചതായാണ് പോലീസ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടത്.
പെണ്‍കുട്ടികളെ നഗര പ്രദേശത്തെ മാളുകളിലെ വാഹന പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍വച്ചാണ് കൈമാറ്റം ചെയ്യാറുള്ളത്. ചില സ്ഥലത്ത് ഒടിപി നമ്പര്‍ പോലും ആവശ്യപ്പെടാറുണ്ട്.
കക്കാടം പൊയില്‍ കേസില്‍ പെണ്‍കുട്ടിയെ താമസിപ്പിച്ച വയനാട്ടിലെ പല റിസോര്‍ട്ടുകളുടെയും തൊട്ടടുത്ത് ഒട്ടേറെ വീടുകള്‍ ഉണ്ട്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ കണ്ട് വരുന്നത് പോലെ ഇത്തരം റിസോര്‍ട്ടുകളില്‍ നടക്കുന്നതെന്തെന്ന് അന്വേഷിക്കാന്‍ ഇപ്പോള്‍ ഇവിടെയുള്ളവരും താല്പര്യം കാണിക്കാറില്ലെന്ന് അന്വേഷണ സംഘം പറയുന്നു.
കേസിലെ മുഖ്യപ്രതിയും പ്രതിപ്പട്ടികയില്‍ രണ്ടാമനുമായ കൊണ്ടോട്ടി തുറക്കല്‍ മന്‍സില്‍ ഹൗസില്‍ നിസാര്‍ ബാബു (37), ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ഒളിവിലാണ്. ഇയാള്‍ക്കെതിരെയുള്ള അറസ്റ്റ് വാറണ്ട് കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.
പോലീസ് പിടിയിലാവുമ്പോള്‍ ഗര്‍ഭിണിയായ പെണ്‍കുട്ടിയെ നിയമ പ്രകാരം ഗര്‍ഭ ഛിദ്രത്തിന് വിധേയമാക്കിയിരുന്നു. ഭ്രൂണം ലാബില്‍ അയച്ച് നടത്തിയ പരിശോധനയില്‍ നിസാര്‍ ബാബുവാണ് പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയതെന്ന് തെളിഞ്ഞിരുന്നു.
ഇതിന് ശേഷമാണ് ഇയാള്‍ ഒളിവില്‍ പോയത്. ഇയാളെ പിടികൂടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായി അന്വേഷണ സംഘം വെളിപ്പെടുത്തി.
വയനാട്ടിലെ ബത്തേരിയില്‍ വാടക വീട്ടില്‍ സുഹൃത്തുക്കളുമായി മദ്യപിക്കുന്നതിനിടയിലാണ് ഇല്ല്യാസിനെ ക്രൈംബ്രാഞ്ച് പിടികൂടുന്നത്. കേസിൽ ഉള്‍പ്പെട്ട മുഴുവന്‍ പേരുടേയും വിവരങ്ങള്‍ ഇയാളില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും ഇവരെ വൈകാതെ തന്നെ അറസ്റ്റ് ചെയ്യുമെന്നും ക്രൈംബ്രൈഞ്ച് ഡിവൈഎസ്പി ആര്. ഹരിദാസ് പറഞ്ഞു.