കാക്കനാട്: പാലച്ചുവട് വെണ്ണല റോഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. വാഴക്കാട പടന്നാട് വീട്ടിൽ മനാഫ്, വാഴക്കാല കുഴിപ്പറന്പിൽ വീട്ടിൽ അലി (49), സലാം (48), മുഹമ്മദ് ഫൈസൽ (23), യൂസഫ് (42), വാഴക്കാല കുരിക്കോട് പറന്പ് സിറാജുദ്ദീൻ (49), വാഴക്കാല പുറ്റിങ്കൽ പറന്പ് വീട്ടിൽ അജാസ് (31) എന്നിവരെയാണ് ഇന്നലെ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ സ്റ്റുവർട്ട് കീലർ വൈകുന്നേരം അറസ്റ്റു ചെയ്തത്.
വെണ്ണല ചക്കരപ്പറന്പ് സ്വദേശി ജിബിനെയാണ് ശനിയാഴ്ച പുലർച്ചെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജിബിനെ കഴിഞ്ഞ എട്ടിന് രാത്രി 12 ഓടെ വാഴക്കാലയിലെ അസീസിന്റെ വീടിന് സമീപം കണ്ടതിനെ തുടർന്ന് ഇയാളുടെ മകൻ മനാഫ്, മരുമകൻ അനീസ്, അയൽവാസിൾ, ബന്ധുക്കളടങ്ങുന്ന 14 പേർ ചേർന്ന് വീടിന്റെ സ്റ്റെയർ കേസ് ഗ്രില്ലിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
രണ്ടു മണിക്കൂറോളം ജിബിനെ മർദിച്ചു. പ്രതികൾ ജിബിനെ തന്ത്രപൂർവം വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടി തന്നെയാണ് ആക്രമിച്ചത്. ജിബിന്റെ വാരിയെല്ല് ഒടിഞ്ഞ് അന്തരീക രക്തസ്രാവമുണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
തുടർന്ന് ജിബിനെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി റോഡരികിൽ ഉപേക്ഷിച്ചു. അപകടമാണെന്ന് വരുത്തി തീർക്കുന്നതിന് ജിബിന്റെ സ്കൂട്ടർ സമീപത്ത് മറിച്ചിടുകയും ചെയ്തു. മൃതദേഹം ഉപേക്ഷിക്കുന്നതിനായി ഉപയോഗിച്ച ഓട്ടോറിക്ഷയും കണ്ടെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
കേസിൽ 14 പ്രതികളാണ് ഉൾപ്പെട്ടിട്ടുള്ളത്്്. ഒളിവിൽ കഴിയുന്നവർക്കായി അന്വേഷണം ഉൗർജിതാക്കിയിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.