ആലുവ: കൊച്ചി നഗരത്തിലടക്കം ലഹരിമരുന്നുകളുടെ വിതരണത്തിനായി മാഫിയ മറയാക്കിയത് ടോർ ടു ടോർ ഡെലിവറി ഡിജിറ്റൽ സംവിധാനം. കാക്കാനാടുള്ള ഫ്ലാറ്റിൽനിന്നും അടുത്തിടെ കോടികളുടെ എംഡിഎംഎ പിടിച്ചെടുത്ത കേസിന്റെ അന്വേഷണത്തിൽ ലഹരിമരുന്ന് കടത്തിന്റെ പുത്തൻ രീതികൾ എക്സൈസ് കണ്ടെത്തുകയായിരുന്നു.
കേസിലെ മുഖ്യപ്രതികളും കമിതാക്കളുമായ ശ്രീമോനേയും ത്വയ്ബയേയും വിശദമായി ചോദ്യം ചെയ്തതിൽനിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ എക്സൈസ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്.
പരസ്യം കണ്ട് ത്വയ്ബ എത്തി
കേസിൽ റിമാൻഡിൽ കഴിയുന്ന തിരുവല്ല സ്വദേശി ത്വയ്ബ ഔലാദെന്ന യുവതി ആദ്യ ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്നു. ജോലി തേടിയാണ് ഇവർ കൊച്ചിയിലെത്തിയത്.
ലഹരി ഇടപാടുമായി ബന്ധമുള്ള കേസിലെ രണ്ടാം പ്രതി കോഴിക്കോട് സ്വദേശി ശ്രീമോൻ നൽകിയ കടലാസ് സ്ഥാപനത്തിന്റെ പരസ്യമാണ് റാക്കറ്റുമായി ത്വയ്ബയെ ബന്ധപ്പെടുത്തിയത്.
കാക്കനാട് “ബുക്ക് മൈ ട്രേഡ് ‘ എന്ന സ്ഥാപനത്തിന്റെ പേരിൽ നൽകിയ പരസ്യം കണ്ട് റിസപ്ഷനിസ്റ്റ് തസ്തികയിലാണ് യുവതി അപേക്ഷിച്ചത്. എച്ച്ആർ മാനേജരെന്ന പേരിൽ ശ്രീമോൻ ഇവരെ ജോലിക്കായി കൊച്ചിയിലേക്ക് ക്ഷണിച്ചു വരുത്തുകയായിരുന്നു.
എന്നാൽ, സ്ഥാപനം തുടങ്ങാൻ ഒരാഴ്ച്ച താമസമുണ്ടെന്ന് പറഞ്ഞ് യുവതിയെ ശ്രീമോൻ ലേഡീസ് ഹോസ്റ്റലിലാക്കി. ഇതിനിടയിൽ സൗഹൃദത്തിലായ ഇരുവരും പിന്നീട് ശ്രീമോന്റെ ഫ്ലാറ്റിൽ ഒന്നിച്ചായിരുന്നു താമസം.
ഹോം ഡെലിവറി
അന്താരാഷ്ട്ര മാഫിയയുമായി ബന്ധമുള്ള ശ്രീമോൻ യുവതിയെ ലഹരിക്കടത്തിനും ഹോം ഡെലിവറിക്കും ഉപയോഗപ്പെടുത്തുന്നതിനിടയിലാണ് പിടിയിലാകുന്നത്.
പോലീസിനോ എക്സൈസിനോ യാതൊരു സംശയം തോന്നാത്ത തരത്തിലായിരുന്നു ഇവരുടെ ഡെലിവറി സംവിധാനം. ഫ്ലാറ്റുകൾ കോളജുകൾ ഹോസ്റ്റലുകൾ ഓഫീസുകൾ തുടങ്ങിയയിടങ്ങളിൽ ലഹരി വസ്തുക്കൾ എത്തിച്ചു കൊടുക്കുന്ന ഡെലിവറി റാക്കറ്റിലെ കേരളത്തിലെ പ്രധാന കണ്ണികളാണ് കൊച്ചിയിൽ പിടിയിലായത്.
സ്പെയിനടക്കമുള്ള വിദേശ രാജ്യങ്ങളിൽനിന്നും കൊറിയർ വഴി ഇന്ത്യയിലെത്തുന്ന മാരക മയക്കുമരുന്നുകൾ യുവതികളടങ്ങുന്ന റാക്കറ്റ് അതിവിദഗ്ധമായിട്ടാണ് കൊച്ചിയിലെത്തിച്ച് വില്പന നടത്തിയിരുന്നത്.
അജ്മലിനായി അന്വേഷണം
അതേസമയം, കാക്കനാട് ഫ്ലാറ്റിൽനിന്നും ലഹരിമരുന്ന് പിടികൂടിയ കേസിൽ ഒളിവിൽ കഴിയുന്ന കാസർഗോഡ് സ്വദേശി അജ്മലിനു വേണ്ടി അന്വേഷണം ഊർജ്ജിതമാക്കിയതായി എക്സൈസ് ക്രൈംബ്രാഞ്ച് അസി. കമ്മീഷണർ സി.എം. കാസിം രാഷ്ട്രദീപികയോട് പറഞ്ഞു.
സംഭവദിവസം തന്നെ അജ്മലിനെ കസറ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചത് എക്സൈസിൽ ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.