കൊച്ചി: കാക്കനാട് ഫ്ളാറ്റ് കൊലപാതക കേസില്‍ പ്രതി അര്‍ഷാദ് കൊല്ലപ്പെട്ട സജീവ് കൃഷ്ണയ്ക്ക് നല്‍കിയത് മോഷണ മുതല്‍ വിറ്റ പണം.
മലപ്പുറം കൊണ്ടോട്ടിയില്‍ സ്വര്‍ണ കടയില്‍ ജോലി ചെയ്തു വരുന്നതിനിടെ ഇവിടെനിന്നും മൂന്ന് പവനോളം സ്വര്‍ണം മോഷ്ടിച്ച് ഇയാള്‍ കടന്നു കളഞ്ഞിരുന്നു.
ഈ സ്വര്‍ണം വിറ്റുകിട്ടിയ പണം ഉപയോഗിച്ച് യാത്രകള്‍ നടത്തിയ ശേഷം കൊച്ചിക്ക് മടങ്ങിയ എത്തിയ അര്‍ഷാദ് ലഹരി വില്പനയിലൂടെ വീണ്ടും പണം സമ്പാദിക്കാനാണ് സജീവിന് പണം കടം നല്‍കിയതെന്നാണ് വിവരം.
സംസ്ഥാനത്തിനു പുറത്തുനിന്നു കുറഞ്ഞ വിലയ്ക്ക് കേരളത്തിലെത്തിക്കുന്ന ലഹരി കൂടിയ വിലയ്ക്ക് വില്പന നടത്താമെന്ന് സജീവ് അറിയിച്ചതോടെ പണം കടം നല്‍കുകയായിരുന്നു.
എന്നാല്‍ പല തവണ ചോദിച്ചിട്ടും ഇതിന്റെ ലാഭമോ കടം കൊടുത്ത പണമോ തിരികെ നല്‍കിയില്ലെന്നും ചോദ്യം ചെയ്യലില്‍ അര്‍ഷാദ് വ്യക്തമാക്കിയിട്ടുണ്ട്.
കൊലപാതകത്തിന് രണ്ട് ദിവസം മുമ്പ് ഇയാള്‍ മൊബൈല്‍ ഫോണ്‍ വിറ്റിരുന്നു. ഒളിവില്‍ കഴിയാന്‍ പണം തരപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരിക്കാം ഇതെന്നാണ് കരുതുന്നത്.
കൊലപാതകം നടത്തിയ ശേഷം ഇയാള്‍ പോയവഴിയേ അന്വേഷണ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഇന്നലെ തെളിവെടുപ്പ് നടത്തി.
ഒളിവില്‍ പോകുന്നതിന് മുമ്പ് കാലടിയില്‍ മുറിയെടുത്ത് താമസിച്ചതായും പ്രതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം അര്‍ഷാദിന് ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തു നല്കിയ സുഹൃത്ത് അശ്വന്തിനോട് ഇയാള്‍ കൊലപാതക കാര്യം പറഞ്ഞിരുന്നില്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
കൈവശമുള്ള ലഹരി മരുന്ന ബംഗളൂരുവിലെത്തിച്ച് വില്പന നടത്താമെന്ന് പറഞ്ഞാണ് അര്‍ഷാദ് അശ്വന്തിനെ കൂടെകൂട്ടിയത്.
പെട്ടന്നുള്ള പ്രകോപനമാണ് കൊലയ്ക്ക് കാരണമെന്ന് ഇയാള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഫ്ളാറ്റില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നെങ്കിലും സംഭവദിവസം നടന്ന വാക്കുതര്‍ക്കമാണ് കുത്തികൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത്.