ആലുവ: കാക്കനാട്ടെ ഫ്ളാറ്റിൽനിന്നും മാരകമയക്കുമരുന്നായ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ സാമ്പത്തിക ഉറവിടം തേടിയുള്ള എക്സൈസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ക്ലൈമാക്സിലേയ്ക്ക്.
കേസിലെ പ്രധാന പ്രതികളായ കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫബാസ്, ശ്രീമോൻ എന്നിവർ അവരുടെ കാമുകിമാരെ ഉപയോഗിച്ചാണ് ലഹരിക്കടത്ത് കൊഴുപ്പിച്ചിരുന്നതെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ ഷിഫാൻ താജിനെ ചോദ്യം ചെയ്തതിൽനിന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
കൊച്ചി കേന്ദ്രമാക്കിയ ലഹരി മാഫിയയുടെ പ്രധാന സാമ്പത്തിക സഹായിയായ ഷിഫാൻ വിവിധ ബാങ്കുകളിൽനിന്നും ഒന്നാം പ്രതി ഫബാസിന്റെ കാമുകി ഷബ്നയുടെ അക്കൗണ്ടിലേക്കാണ് ഇടപാടുകൾക്കായി പണം കൈമാറിയിരുന്നത്. സംഘത്തിനു വേണ്ടി രണ്ടാം പ്രതി ശ്രീമോൻ തന്റെ കാമുകി ത്വയ്ബ ഔലാദിനെയും തന്ത്രത്തിൽ മയക്കുമരുന്നു കടത്തിന് മറയാക്കുകയായിരുന്നു.
ഷബ്നയുടെ അക്കൗണ്ട് നിറയെ
ഫബാസിന്റെയും ഷബ്നയുടെയും അക്കൗണ്ടുകളിലായി ഷിഫാനടക്കമുള്ളവർ അരക്കോടിയോളം രൂപയുടെ ഇടപാട് നടത്തിയിരിക്കുന്നതായാണ് വിവരം. കാക്കാനാടുള്ള അപ്പാർട്ട്മെന്റിൽ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ഒൺലൈൻ വിപണനത്തിന്റെ പേരിലായിരുന്നു കാഞ്ഞിരമറ്റം സ്വദേശിയായ ഷിഫാൻ കൊച്ചിയിൽ തങ്ങിയിരുന്നത്.
അറസ്റ്റിലായ ലഹരി മാഫിയയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നു അന്വേഷണ സംഘം മൊഴിയെടുക്കാൻ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
എന്തിനും തയാറായി ത്വയ്ബ
തിരുവല്ല സ്വദേശിയും ഭർതൃമതിയുമായ ത്വയ്ബ ജോലി തേടിയാണ് കൊച്ചിയിലെത്തിയത്. കാക്കാനാടുള്ള ടോർ ടു ടോർ ഡെലിവറി സ്ഥാപനത്തിന്റെ മനേജർ എന്ന് പരിചയം നടിച്ച് ശ്രീമോൻ ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന ത്വയ്ബയെ വശത്താക്കുകയായിരുന്നു. ഇവരെ പെയിംഗ് ഗസ്റ്റായി സ്വന്തം ഫ്ലാറ്റിൽ താമസിപ്പിച്ചാണ് ശ്രീമോൻ കച്ചവടം കൊഴുപ്പിച്ചത്.
ത്വയ്ബ താമസിച്ചിരുന്ന കാക്കനാട്, തൃക്കാക്കര എന്നിവിടങ്ങളിലെ ഫ്ലാറ്റുകളിലെത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടങ്ങളിലെല്ലാം കേസിലെ മറ്റു പ്രതികളുമായി ഇവർ തങ്ങിയിരുന്നതായി കണ്ടെത്തുകയും ചെയ്തു. സംഘത്തിന്റെ ലഹരി വില്പനയിൽ ത്വയ്ബയ്ക്കുള്ള നിർണായക പങ്കും തെളിഞ്ഞിട്ടുണ്ട്.
കടത്തിനിടയിലും അടിപൊളി
കേസിലെ പ്രധാന പ്രതികളായ ഫബാസിനെയും ശ്രീമോനേയും ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ചെന്നൈയിലും പോണ്ടിച്ചേരിയിലും തെളിവെടുപ്പിനെത്തിച്ചപ്പോഴും കാമുകിമാരുടെ പങ്ക് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിരുന്നു.
ഇവർ കോട്ടേജുകളിൽ ദമ്പതികളെ പോലെ അടിപൊളിയായിട്ടാണ് തങ്ങിയിരുന്നത്. യുവതികളടക്കമുള്ള സംഘം ഇവിടെ മദ്യവും മയക്കുമരുന്നും ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.
അവസാനിക്കുന്നില്ല അന്വേഷണം
എക്സൈസ് ഉദ്യോഗസ്ഥരിൽ ഭിന്നത രൂക്ഷമാക്കിയ കോടികൾ വിലമതിക്കുന്ന എംഡിഎംഎയെന്ന മാരകമയക്കുമരുന്നു കൊച്ചിയിൽ കണ്ടെടുത്ത കേസിന്റെ അന്വേഷണം പഴുതുകളടച്ച് തുടരുകയാണ്.
എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിന് നേതൃത്വം നൽകുന്നത് എറണാകുളം ജോയിന്റ് കമ്മീഷണർ കെ.എ. നെൽസൺ, അസി. കമ്മീഷണർ സി.എം. കാസിം എന്നിവരടങ്ങിയ പ്രത്യേക സംഘമാണ്.
ആദ്യം കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്ത കാസർഗോഡ് സ്വദേശി അജ്മലിനെ പ്രതിചേർത്തു കൊണ്ടുള്ള അന്വേഷണമാണിപ്പോൾ ഊർജ്ജിതം. പ്രതികളുടെ മൊബൈൽ ഫോൺ റിക്കാർഡുകളുടെ പരിശോധനയും തുടരുന്നു.