ആലുവ: കാക്കനാട് ഫ്ലാറ്റിൽനിന്നും കോടികളുടെ എംഡിഎംഎ പിടികൂടിയ കേസിൽ അറസ്റ്റിലായ ടീച്ചറമ്മയെന്ന മുഖ്യ പ്രതി സുസ്മിതയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽനിന്നും കൂടുതൽ തെളിവുകൾ കണ്ടെത്തിയതായി എക്സൈസ് ക്രൈംബ്രാഞ്ച് അസി. കമ്മീഷണർ ടി.എം. കാസിം.
ഒന്നാം പ്രതിയായ മുഹമ്മദ് ഫബാസും ഭാര്യ ഷബ്നയും ആഡംബര ഹോട്ടലുകളിലും ഫ്ലാറ്റുകളിലും ഒരു വർഷമായി താമസിച്ചിരുന്നത് വ്യാജ വിലാസത്തിലായിരുന്നു.
തിരിച്ചറിയൽ രേഖകളിൽ സ്വന്തം ഫോട്ടോ മാത്രം പതിച്ച് വ്യാജ വിലാസിത്തിലാണ് ലഹരിയിടപാടുമായി ദമ്പതികൾ കൊച്ചിയിൽ വിലസിയിരുന്നതെന്ന് ടീച്ചർ തന്നെയാണ് അന്വേഷണ സംഘത്തിന് മൊഴി നൽകിയിരിക്കുന്നത്.
ലഹരിയിടപാടുകളിൽ പ്രധാന കണ്ണിയായ മട്ടാഞ്ചേരി സ്വദേശി സുസ്മിത ഫിലിപ്പിനെ ഏറെ നിരീക്ഷണങ്ങൾക്കൊടുവിലാണ് കഴിഞ്ഞ ദിവസം എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ആദ്യം അറസ്റ്റിലായ പ്രതികൾക്കു വേണ്ടി സജീവമായി ടീച്ചർ രംഗത്തുണ്ടായിരുന്നു. ഒന്നാം പ്രതി ഫബാസിന്റെ നേതൃത്വത്തിൽ കൊച്ചി കേന്ദ്രമാക്കിയുള്ള ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത് ടീച്ചറാണ്.
ഇവർക്ക് ഫ്ലാറ്റുകളും വീടുകളും തരപ്പെടുത്തി കൊടുത്തിരുന്ന ടീച്ചറെ ചോദ്യം ചെയ്തതിൽനിന്നാണ് പ്രതികൾ വ്യാജരേഖകൾ ചമച്ചിരുന്ന കാര്യം പുറത്തായത്.
എംജി റോഡിലുള്ള ഒരു ഹോട്ടലിൽ ഫബാസിന്റെയും ഭാര്യ ഷബ്നയുടെയും വ്യാജ വിലസാത്തിൽ മുറിയെടുത്തു ലഹരി പാർട്ടികൾ സംഘടിപ്പിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ടീച്ചറായിരുന്നു ഇതിന്റെ മുഖ്യ സംഘാടക. ഇതിൽ സ്ഥിരമായി പങ്കെടുത്തിരുന്നവർ ക്രൈം ബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്.
ടീച്ചറുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച് പണമിടപാടുകൾ നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വ്യാജരേഖകൾ ചമച്ച കേസ് പോലീസിന് കൈമാറും.