കൊച്ചി: കാക്കനാട് ലഹരിമരുന്നു കേസില്‍ പ്രതികളുടെ ശ്രീലങ്കന്‍ ബന്ധം തെളിയിക്കുന്ന വിവരങ്ങൾ കേസ് അന്വേഷിക്കുന്ന എക്സൈസ് ക്രൈംബ്രാഞ്ചിന് ലഭിച്ചു.
പ്രതികളുടെ ഫോണിലേക്ക് ശ്രീലങ്കയില്‍നിന്ന് നിരവധി കോളുകള്‍ വന്നിട്ടുണ്ട്. ഇതു പരിശോധിച്ചുവരുകയാണെന്നും നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നും എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ടി.എം. കാസിം പറഞ്ഞു.
കസ്റ്റഡിയില്‍ വാങ്ങിയ പ്രതി ദീപേഷിന്റെ തെളിവെടുപ്പ് ഇന്നലെ പൂര്‍ത്തിയായി. ദീപേഷിന്റെ മൊഴി പ്രകാരം കൊടൈക്കനാലിലാണ് തെളിവെടുപ്പ് നടത്തിയത്.
കൊടൈക്കനാലില്‍ പ്രതികള്‍ തങ്ങിയ സ്ഥലത്തും റേവ് പാര്‍ട്ടി നടത്തിയ ഇടങ്ങളിലും ദീപേഷുമായി എക്സൈസ് ക്രൈംബ്രാഞ്ച് സംഘം എത്തി. ഒന്നാം പ്രതി കൊടൈക്കനാലില്‍ സ്ഥലം വാങ്ങിയെന്ന വിവരവും ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്.
ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരുകയാണെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ടി.എം. കാസിം പറഞ്ഞു. ദീപേഷിന്റെ കസ്റ്റഡി കാലാവധി ഇന്നു തീരും.