ആലുവ: കാക്കനാട് ഫ്ലാറ്റിൽ നിന്നും പിടികൂടിയ കോടികൾ വിലമതിക്കുന്ന മയക്കുമരുന്നിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തിൽ എക്സൈസ് ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചു.
രാസ ലഹരി എത്തിയത് ചെന്നൈയിൽ നിന്നാണെന്ന് നേരത്തെ സ്ഥിരീകരിച്ചതാണ്. തുടർന്നുള്ള അന്വേഷണത്തിലാണ് ചെന്നൈ സ്വദേശികളായ സ്ത്രീയും പുരുഷനും വലയിലായിരിക്കുന്നത്.
രാജ്യാന്തര ലഹരി മാഫിയയിലെ ചെന്നൈ ഏജന്റുമാരായ ഇവരെ കസ്റ്റഡിയിൽ എടുക്കാനുള്ള ശ്രമത്തിലാണ് കൊച്ചിയിലെ എക്സൈസ് ക്രൈം ബ്രാഞ്ച് സംഘം.
ഇതിനായി തമിഴ്നാട് പോലീസിന്റെ സഹായം തേടും. ചെന്നൈയിൽ ലഹരി മാഫിയ സംഘങ്ങൾക്ക് വലിയ സ്വാധീനവും ഗുണ്ടകളുടെ സംരക്ഷണവുമുണ്ട്.
പലതും തോക്കുകളടക്കമുള്ള മാരക ആയുധങ്ങൾ കൈവശമുള്ള വൻ റാക്കറ്റുകളാണ്. അതുകൊണ്ടുതന്നെ കൃത്യമായ ആസൂത്രണത്തോടെ ഇവരെ കസ്റ്റഡിയിലെടുക്കാനുള്ള തയാറെടുപ്പിലാണ് കേരളത്തിലെ അന്വേഷണസംഘം.
അതേസമയം ശ്രീലങ്കയിൽ താമസിക്കുന്ന മലയാളിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അറസ്റ്റിലായ പ്രതികളുമായി ഇയാൾ നിരന്തര ബന്ധം പുലർത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണിത്.
ലഹരി മരുന്ന് സംഘത്തിലെ ടീച്ചർ എന്ന സുസ്മിതാ ഫിലിപ്പിനെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ പേരിലേക്ക് അന്വേഷണം നീളുന്നത്.
ടീച്ചറുമായി ബന്ധമുള്ളവരെ തിരിച്ചറിഞ്ഞതിനെ തുടർന്ന് ഇവരെ അടുത്ത ദിവസങ്ങളിൽ കൊച്ചി ഓഫീസിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്യും.
അന്വേഷണത്തിന്റെ ഭാഗമായി ഉടൻ ചെന്നൈയിലേക്ക് എക്സൈസ് ക്രൈംബ്രാഞ്ച് സംഘം തിരിക്കുമെന്ന് അസി. കമ്മീഷണർ ടി.എം. കാസിം പറഞ്ഞു.
എറണാകുളം കൂടാതെ ഇടുക്കി ജില്ലയിൽ നിന്നുമുള്ളവരാണ് ടീച്ചറുമായി നിരന്തരം ബന്ധപ്പെട്ടിരുന്നത്. ഇവർ മയക്കുമരുന്ന് ഇടപാടുകാരായിരിക്കാം എന്നതാണ് അന്വേഷണ സംഘത്തിന്റെ സംശയം.
നഗരത്തിലെ വൻ ലഹരി പാർട്ടികളിൽ പലതും നടന്നിരുന്നത് ടീച്ചറുടെ മുഖ്യ പങ്കാളിത്തത്തോടെയാണെന്ന് വ്യക്തമായിട്ടുണ്ട്.
കൊച്ചിയിലെ ലഹരി ഇടപാടുകൾ നിയന്ത്രിച്ചിരുന്ന ടീച്ചറുടെ വൈകിയുള്ള അറസ്റ്റ് കേസിൽ വഴിത്തിരിവുണ്ടാക്കിയിരിക്കുകയാണ്.