കാക്കനാട്: തുതിയൂരിൽ പ്രണയം നടിച്ചും പ്രലോഭിപ്പിച്ചും വർഷങ്ങളായി പീഡിപ്പിച്ച പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങൾ പ്രതികൾ പകർത്തിയാതായി സംശയം. കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളുടെ കൈവശം തൻറെ അർധനഗ്ന ഫോട്ടോയും വീഡിയോ ദൃശ്യങ്ങളും ഉള്ളതായി പെണ്‍കുട്ടിയും മൊഴി നല്‍കിയിട്ടുണ്ട്. ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തിയിട്ടുണ്ടെന്ന സംശയത്തെത്തുടർന്ന് പോലീസ് മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.
പ്രതികൾ മയക്കുമരുന്ന് കുത്തിവച്ചും ഭീഷണിപ്പെടുത്തിയുമാണു പീഡിപ്പിച്ചിരുന്നതെന്ന് പെണ്‍കുട്ടി മൊഴിനൽകിയിരുന്നു.മദ്യവും മയക്കുമരുന്നും നൽകി പീഡിപ്പിച്ച സാഹചര്യത്തിൽ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങൾ പകർത്താനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. അറസ്റ്റിലായവരുടെ മൊബൈൽ ഫോണുകളിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഒന്നും കണ്ടെത്താനായിട്ടില്ല. ഫോണിൽ നിന്ന് അവ നശിപ്പിച്ച കളഞ്ഞിട്ടുണ്ടെങ്കിൽ അത് കണ്ടെത്താനുള്ള വിദഗ്ധ പരിശോധനകളും പോലീസ് നടത്തും. അവ നശിപ്പിക്കുന്നതിനു മുന്‍പ് മറ്റുള്ളവർക്ക് കൈമാറിയിരിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. അതു സംബന്ധിച്ചും പോലീസ് അന്വേഷിക്കും.
അതേസമയം, സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കളമശേരി മജിസ്ട്രേറ്റിനു മുന്നിൽ പെണ്‍കുട്ടി നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണു നടപടി. ഈ കേസിൽ നേരത്തെ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ആറു പ്രതികളുമായി ഇവർക്ക് അടുപ്പമുള്ളതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. പെണ്‍കുട്ടി വർഷങ്ങൾക്കു മുന്‍പു ജോലി ചെയ്തിരുന്ന സ്ഥാപനത്തിൻറെ ഉടമയും ഇന്നലെ കസ്റ്റഡിയിലായവരിൽ ഉൾപ്പെട്ടതായാണു സൂചന.
രണ്ടു പേരെ കൂടി പോലീസ് തെരയുന്നുണ്ട്. റിമാൻഡിൽ കഴിയുന്നവരെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ കിട്ടാൻ പോലീസ് ഇന്നലെ എറണാകുളം സെക്ഷൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ഈ മാസം അഞ്ചുമുതൽ പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടർന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണു പീഡനവിവരം പുറംലോകമറിഞ്ഞത്. പെണ്‍കുട്ടി ചാവക്കാട് സ്വദേശി അഖിലുമായി നാടുവിടുകയായിരുന്നു. തുടർന്നു പഴനിയിൽ ഇവർ വിവാഹിതരായി.
കഴിഞ്ഞദിവസം അഖിലുമായി വീട്ടിലെത്തിയ പെണ്‍കുട്ടിയെ മാതാവ് തൃക്കാക്കര സ്റ്റേഷനിൽ എത്തിച്ചു. തുടർന്നു പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരം പെണ്‍കുട്ടിയെ കാക്കനാട് ചിൽഡ്രൻസ് ഹോമിലെത്തിച്ചു. ചൈൽഡ് ലൈൻ നാളെ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.