കോതമംഗലം: തങ്കളം-കാക്കനാട് നാലുവരിപാത 10 വര്‍ഷങ്ങള്‍ക്കു ശേഷം നിര്‍മാണം പുനരാരംഭിച്ചു. ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്തുനിന്ന് ജില്ലാ ആസ്ഥാനമായ കാക്കനാട്ടേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതിനുള്ള സ്വപ്ന പദ്ധതിയാണ് 27 കിലോമീറ്റര്‍ ദൂരം വരുന്ന നാലുവരിപാത. ഏഴു കിലോമീറ്റര്‍ ദൂരമാണ് കോതമംഗലം മണ്ഡലത്തില്‍ വരുന്നത്.
കോതമംഗലം ഉള്‍പ്പെടെ ജില്ലയുടെ കിഴക്കന്‍ മേഖലയ്ക്ക് വലിയ വികസന കുതിപ്പ് പകരുന്ന പദ്ധതിയാണിത്. ഇതില്‍ 900 മീറ്റര്‍ ദൂരം വരുന്ന റോഡാണ് 10 വര്‍ഷം മുമ്പ് നിര്‍മാണം പൂര്‍ത്തീകരിച്ചിരുന്നത്. തങ്കളം ഭാഗത്തുനിന്ന് ആരംഭിക്കുന്ന ആദ്യ റീച്ചില്‍ കോതമംഗലം ടൗണിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളില്‍ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ മൂലം പ്രവര്‍ത്തി തുടരുവാന്‍ സാധിച്ചിരുന്നില്ല.
2016നു ശേഷം ജില്ലാതലത്തില്‍ ഉള്‍പ്പെടെ നിരവധി തവണ പരാതിക്കാരുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഭൂമി വിട്ടു നല്കുവാന് ഉടമകള്‍ വിമുഖത കാട്ടിയിരുന്നു. പിന്നീട് ആവശ്യമായ തുക കോടതിയില്‍ കെട്ടി വച്ച് സ്ഥലം പൂര്‍ണമായും ഏറ്റെടുക്കുകയാണുണ്ടായത്.
തുടര്‍ന്നുള്ള പ്രവര്‍ത്തികള്‍ക്കായി സര്‍ക്കാരിന്റെ രണ്ട് ബജറ്റുകളിലായി 67 കോടിയാണ് അനുവദിച്ചിട്ടുള്ളത്. തുടര്‍ന്നുള്ള നിര്‍മാണത്തിന് മുന്നോടിയായി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഭൂഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് വേണ്ടി 20 കോടിയുടെ അനുമതി ലഭിച്ച് ഉത്തരവായിരുന്നു.
സര്‍വേ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് തുക ഉടമകള്‍ക്ക് വേഗത്തില്‍ ലഭ്യമാക്കുമെന്നും ആന്റണി ജോണ്‍ എംഎല്‍എ പറഞ്ഞു. അവശേഷിക്കുന്ന പ്രവര്‍ത്തികള്‍ക്കുള്ള വിശദമായ ഡിപിആര്‍ തയാറാക്കി കിഫ്ബിയില്‍ സമര്‍പ്പിച്ചതായും എംഎല്‍എ വ്യക്തമാക്കി.