
കാക്കനാട്: ബ്യൂട്ടി പാർലർ ജീവനക്കാരനെ വാടകവീടിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. സെക്കന്ദരാബാദ് സ്വദേശി വിജയ് ശ്രീധരൻ (28) ആണ് മരിച്ചത്. കാക്കനാട് തെങ്ങോട് വായനശാല കവലയ്ക്കു സമീപത്തെ വാടകവീട്ടിലാണ് സംഭവം.
മുറിക്കുള്ളിലെ തറയിലിട്ട കിടക്കയിൽ വയറിൽ കുത്തേറ്റനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ചിരുന്ന ബ്യൂട്ടി പാർലർ ജീവനക്കാരനായ മറ്റൊരു സെക്കന്ദരാബാദ് സ്വദേശിയായ ചണ്ടി രുദ്രയ്ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
ഇടച്ചിറയിലുള്ള ബ്യൂട്ടി പാർലർ ജീവനക്കാരായ നാലു പേർ ഒരു മാസം മുൻപാണ് തെങ്ങോട്ടെ വാടക വീട്ടിൽ താമസം തുടങ്ങിയത്. പത്ത് ദിവസം മുന്പാണ് ചണ്ടി രുദ്ര ബ്യൂട്ടി പാർലറിൽ ജോലിയിൽ പ്രവേശിച്ചത്. താമസം ഈ നാലുപേർക്കൊപ്പമായിരുന്നു. രണ്ടുനില കെട്ടിടത്തിലെ താഴത്തെ നിലയിലെ ഒരു മുറിയിലാണ് കൊല്ലപ്പെട്ട വിജയ് ശ്രീധരനും ചണ്ടി രുദ്രനും താമസിച്ചിരുന്നത്. ഇരുവരും മദ്യപിക്കുന്നത് പതിവാണെന്ന് സ്ഥാപന ഉടമ പറഞ്ഞു.
ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുയും വിജയ് ശ്രീധരനെ ചണ്ടി കുത്തുകയും ചെയ്തെന്നാണ് പോലിന്റെ പ്രഥമിക നിഗമനം. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കുത്തിയിട്ടുള്ളതെന്നും വയറിന്റെ ഇടതു വശത്ത് ആഴത്തിലുള്ള മുറിവുള്ളതായും അസിസ്റ്റന്റ് പോലീസ് കമ്മീഷണർ രാജേഷ് പറഞ്ഞു. തൃക്കാക്കര സിഐ ഷാബു, ഇൻഫോപാർക്ക് എസ്ഐ ഷാജു എന്നിവരുടെ നേതൃത്വത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. നാട്ടിൽനിന്നു ബന്ധുക്കൾ എത്തിയ ശേഷം പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം അവിടേക്ക് കൊണ്ടുപോകും. പ്രതിക്കായി റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പോലീസ് തെരച്ചിൽ ശക്തമാക്കി.