കൊച്ചി: കാക്കനാട് കെട്ടിട നിർമാണ സ്ഥലത്തു മണ്ണിടിഞ്ഞുവീണു തൊഴിലാളിക്കു പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു. നിർമാണ പ്രവർത്തികൾ നടത്തിവന്നിരുന്ന സ്വകാര്യ കണ്സ്ട്രക്ഷൻ കന്പനിക്കെതിരേ ഇൻഫോ പാർക്ക് പോലീസാണു കേസെടുത്തിട്ടുള്ളത്. അപകടകരമായ രീതിയിൽ നിർമാണം നടത്തിയതിനാണു കേസ്. സംഭവത്തിൽ കൂടുതൽ അന്വേഷണം ഇന്ന് ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞു.
ഇന്നലെ രാത്രി എട്ടരയോടെ കാക്കനാട് ഇൻഫോ പാർക്കിനു സമീപം ഹോട്ടൽ സമുച്ചയത്തിനായി നിർമാണം നടക്കുന്ന സ്ഥലത്ത് 20 അടി മുകളിൽനിന്ന് മണ്ണിടിഞ്ഞുവീണത്. അപകടത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്കു പരിക്കേറ്റിരുന്നു. മണ്ണിനടിയിൽപ്പെട്ട ബീഹാർ സ്വദേശിയായ ലക്ഷ്മണൻ (20)ആണ് പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ലക്ഷ്മണന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ പറഞ്ഞു.
ചിറ്റേത്തുകരക്കടുത്ത് റോഡിനോട് ചേർന്നുള്ള സ്ഥലത്തു രണ്ടുനില ബേസ്മെന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. റോഡ് പ്രതലത്തിൽനിന്ന് 20 അടിയോളം താഴ്ചയുള്ള ഇവിടെ സുരക്ഷാ ഭിത്തിക്കായി കന്പി കെട്ടിക്കൊണ്ടിരിക്കെയായിരുന്നു അപകടം. സ്ഥലത്തു രാത്രി മൂന്നു പേർ പണി ചെയ്യുന്നുണ്ടായിരുന്നു.
മണ്ണിടിയുന്നതു കണ്ട തൊഴിലാളികളിൽ രണ്ടു പേർ ഓടി രക്ഷപ്പെട്ടതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. അപകടമറിഞ്ഞ് സ്ഥലത്തെത്തിയ തൃക്കാക്കര ഫയർഫോഴ്സും ഇൻഫോപാർക്ക് പോലീസും ചേർന്നാണു സുരക്ഷാക്രമീകരണങ്ങൾ നടത്തിയത്. സംരക്ഷണഭിത്തി ഇടിഞ്ഞ സ്ഥലത്തിനു തൊട്ടടുത്തായി മൂന്നുനില കെട്ടിടത്തിൽ ഒരു ഹോസ്റ്റൽ പ്രവർത്തിക്കുന്നുണ്ട്. അപകടത്തെത്തുടർന്ന് പരിസരവാസികൾ ആശങ്കയിലാണ്.