കൊച്ചി: കാക്കനാട്ടെ ഫ്ളാറ്റില്‍നിന്നും ലഹരി വസ്തുക്കളുമായി പിടികൂടിയ സംഘത്തിലെ പ്രതികള്‍ മൃഗങ്ങളുടെ കൊമ്പുകള്‍ വിറ്റിട്ടുണ്ടോയെന്ന് വനംവകുപ്പ് പരിശോധിക്കുന്നു. ഇവരുടെ പക്കല്‍നിന്നും മാന്‍കൊമ്പ് പിടിച്ചെടുത്ത സാഹചര്യത്തിലാണ് നടപടി.
പ്രതികള്‍ക്ക് മാന്‍കൊമ്പ് എവിടെനിന്ന് ലഭിച്ചു, വില്പനയായിരുന്നോ ഉദേശ്യം, മറ്റ് മൃഗങ്ങളുടെ കൊമ്പുകള്‍ വിറ്റിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാകും വനംവകുപ്പ് അന്വേഷിക്കുക.അതിനിടെ മാന്‍കൊമ്പ് കൈവശം വച്ച സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.
നിലവില്‍ ആറ് പ്രതികളാണ് ലഹരി കേസില്‍ അറസ്റ്റിലായിട്ടുള്ളത്. ഇതില്‍ തിരുവല്ല സ്വദേശി ത്വയ്ബ ഒഴികെയുള്ള കോഴിക്കോട് സ്വദേശികളായ ശ്രീമോന്, മുഹമ്മദ് ഫാബാസ്, ഷംന, കാസര്‍ഗോഡ് സ്വദേശികളായ അജ്മല്‍, എറണാകുളം സ്വദേശി മുഹമ്മദ് അഫ്സല് എന്നിവരുടെ അറസ്റ്റാകും ഇന്ന് രേഖപ്പെടുത്തുക.
ത്വയ്ബയുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം.കാക്കനാട്ടെ ഫ്ളാറ്റില്‍നിന്നും മാരക ലഹരി വസ്തുക്കളുമായി പ്രതികള്‍ പിടിയിലാകുമ്പോള്‍ മാന്‍കൊമ്പും എക്സൈസ് പിടിച്ചെടുത്തിരുന്നു. എന്നാല്‍ പീന്നീട് ഇത് രേഖകളില്‍ കാണിച്ചിരുന്നില്ല.
സംഭവം വിവാദമായതോടെയാണ് മാന്‍കൊമ്പ് പിടികൂടിയതിൽ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ലഹരി കേസില്‍ പ്രതികളുടെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ചുള്ള ക്രൈംബാഞ്ചിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികള്‍ ഉപയോഗിച്ചിരുന്ന അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യും.
പണം നിക്ഷേപിച്ചിട്ടുള്ളവരുടെ പട്ടിക തയാറാക്കിയാണ് ചോദ്യം ചെയ്യല്‍. 20 പേരോളം പേര് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് വിവരം.