വെച്ചൂർ: രാത്രിയുടെ യാമങ്ങളിൽ അവരെത്തി. നാടിനു കാവലിരുന്ന് യുവാക്കൾ.
വെച്ചൂർ-ഇടയാഴം-കല്ലറ റോഡരിലും പാടശേഖരങ്ങളുടെ ഓരത്തും ജലാശയങ്ങളിലും രാത്രി കാലങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നതിനെതിരെ ഒരുപറ്റം യുവാക്കൾ രംഗത്ത്.
ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് യുവാക്കൾ നാടിനു കാവലിരുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ രാത്രി വെച്ചൂർ തോട്ടാപ്പള്ളിയിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ രണ്ടു വാഹനങ്ങൾ ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ പിടികൂടി പോലിസിനു കൈമാറിയിരുന്നു.
വെച്ചൂർ-കല്ലറ റോഡരികിലും വേരുവള്ളി-മാന്പറ റോഡിനു സമീപത്തും ജലാശയങ്ങളിലും പാടശേഖരത്തിന്റെ ഓരത്തും രാത്രി കാലങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവായതോടെ പ്രദേശവാസികളുടെ ജീവിതം ദുരിതപൂർണമായി.
കടുത്ത ദുർഗന്ധം വമിക്കുന്നതിനാൽ പ്രദേശവാസികൾക്ക് റോഡിലൂടെ നടന്നു പോകുന്നതിനു കഴിയാത്ത സ്ഥിതിയാണ്.
ജനങ്ങളുടെ ഇടപെടലിനെ തുടർന്നു പോലീസ് വാഹനം കസ്റ്റഡിയിലെടുത്താലും ചെറിയ പിഴ ഒടുക്കി പോലീസിനു വാഹനം വിട്ടുനൽകേണ്ടി വരുന്നു.
കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിൽനിന്നാണു മാലിന്യം നിറച്ച ടാങ്കറുകൾ എത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ജലാശയങ്ങൾ മലിനമാക്കുകയും ജനവാസ കേന്ദ്രങ്ങളിലെ ആരോഗ്യ ജീവിതത്തിനു ഭംഗം വരുത്തുകയും ചെയ്യുന്നവർക്കെതിരെ മാതൃകാപരമായി ശിക്ഷിക്കുന്നതിന് സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.