മട്ടന്നൂര്‍: നഗരത്തിൽ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിലെ ജലസംഭരണിയിൽ പായലും ചത്ത കാക്കയും.
നഗര ഹൃദയത്തിൽ നൂറോളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ കെട്ടി ഉണ്ടാക്കിയ വലിയ കോൺക്രീറ്റ് ജല സംഭരണിയിലാണ് മാലിന്യത്തിനൊപ്പം കാക്കയുംചത്തത്.
കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബാങ്കിലെ ജീവനക്കാർ വെള്ളത്തിനു ദുർഗന്ധം ഉണ്ടെന്ന് ബന്ധപ്പെട്ടവരോട് പറഞ്ഞിട്ട് യാതൊരു ഫലവുമുണ്ടായില്ലെന്ന് ഇവർ പറയുന്നു.
തുടർന്ന് ഇവർ തന്നെ ടാങ്ക് പരിശോധിച്ചപ്പോഴാണ് പായലും പൂപ്പലും നിറഞ്ഞ സംഭരണിയിൽ ചത്ത നിലയിൽ കാക്കയെയും കണ്ടെത്തിയത്.
കാക്കയുടെ ശരീരവശിഷ്ടങ്ങൾ വെള്ളത്തിൽ അഴുകിയ നിലയിലാണ്. വിദ്യാഭ്യാസ സ്ഥാപനം, എസ്ബിഐ, കേരള ബാങ്കുകൾ, കൂൾബാറുകൾ, ബേക്കറികൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടമാണിത്.
നഗരസഭാ ആരോഗ്യവിഭാഗത്തിന് പരാതി നൽകിയതിനെ തുടർന്നു ആരോഗ്യ വിഭാഗം പരിശോധന നടത്തി. വെള്ളം ഉപയോഗിക്കുന്നത് തടഞ്ഞിട്ടുണ്ട്.
തുടർ നടപടികൾ സ്വീകരിക്കുമെന്നും ഇത്തരത്തിലുള്ള ടാങ്കുകൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.