എം.സുരേഷ്ബാബു
ഒരു കാലത്തു സമൂഹത്തിലുണ്ട ായിരുന്ന സാമൂഹ്യ തിൻമകൾക്കെതിരെയും ഉച്ചനീചത്വങ്ങൾക്കെതിരെയും രൂപം കൊണ്ട കലാരൂപമാണ് കാക്കാരിശി നാടകം.
അവഗണിക്കപ്പെട്ട ജനസമൂഹത്തിന്റെ വേദനകളും സങ്കടങ്ങളും പ്രകടമാക്കുന്ന ഈ കലാരൂപം പരന്പരാഗത കലാസൃഷ്ടിയായി മാറുകയായിരുന്നു.
അധികാര വർഗത്തിനെതിരെയുള്ള സമൂഹ വിമർശനം കൂടിയായിരുന്നു കാക്കാരിശി നാടകം.
കഴിഞ്ഞ 46 വർഷക്കാലമായി കാക്കാരിശി നാടക രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന കലാകാരനും കാക്കാരിശി നാടക സമിതി ഉടമയുമാണ് പരപ്പിൽ കറുന്പൻ.
കോവിഡ് മഹാമാരിയെ തുടർന്ന് കാക്കാരിശി നാടക രംഗത്തെ കലാകാരൻമാരുടെ ജീവിതവും പ്രതിസന്ധിയിലായി.
അൻപതിൽപരം കലാകാരൻമാരുടെ ഉപജീവനം കറുന്പന്റെ കലാപ്രസ്ഥാനത്തെ ആശ്രയിച്ചായിരുന്നു. ആറ് മാസത്തെ ഉത്സവ സീസണിൽ ആയിരുന്നു പല കലാകാരൻമാരുടെയും ആഗ്രഹങ്ങൾ സഫലമായിരുന്നത്.
ഉത്സവ സീസണിൽ പ്രോഗ്രാമുകൾ അവതരിപ്പിച്ചു കിട്ടുന്ന പണം കൊണ്ടാണ് ഇവരൊക്കെ ജീവിതം കരുപ്പിടിപ്പിച്ചിരുന്നത്. വരുമാനം നിലച്ചതോടെ പലരും പരിചിതമല്ലാത്ത തൊഴിൽമേഖലകളിലേക്ക് തള്ളപ്പെട്ടു.
ആരാണ് കറുന്പൻ
ഉത്സവ വേദികളിലെ അനൗണ്സ്മെന്റുകളിൽ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള സ്റ്റേജുകളിൽ ഉയർന്ന് കേട്ടിരുന്ന വാക്കുകളായിരുന്നു പരപ്പിൽ കറുന്പനും സംഘവും അവതരിപ്പിക്കുന്ന തിരുവനന്തപുരം പി.കെ.തീയേറ്റേഴ്സിന്റെ കാക്കാരിശി നാടകം എന്നത്.
തിരുവനന്തപുരം കല്ലറ ഗ്രാമപഞ്ചായത്തിലെ പരപ്പിൽ എന്ന സ്ഥലവാസിയാണ് കറുന്പൻ. ദേവരാജ് എന്ന കലാകാരന്റെ വിളിപ്പേരായിരുന്നു കറുന്പൻ.
ദേവരാജന്റെ അമ്മ പ്രസവിച്ച പതിമൂന്ന് മക്കളിൽ പന്ത്രണ്ടാമത്തെ കുട്ടിയായിരുന്നു ദേവരാജൻ. മറ്റ് മക്കളെ അപേക്ഷിച്ച് അൽപം കറുപ്പായിരുന്നു നിറം.
അതിനാൽ കറുന്പൻ എന്നു പേരിട്ട് വിളിച്ചിരുന്നു. പിന്നീട് വളർന്നപ്പോഴും കറുന്പൻ എന്ന പേര് ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു.
നാലര പതിറ്റാണ്ട ിലേറെക്കാലം 6000ൽപരം വേദികളിലാണ് കറുന്പൻ കാക്കാരിശി നാടകം അവതരിപ്പിച്ചത്. 1975 -ൽ ആയിരുന്നു കറുന്പന്റെ കലാപ്രസ്ഥാനത്തിന്റെ ആരംഭം.
പാണയം ശേഖരൻ എന്ന കലാകാരന്റെ കീഴിൽ കാക്കാരിശി നാടകത്തിന്റെ ബാലപാഠങ്ങൾ മനസിലാക്കി പിന്നീട് സ്വന്തമായി സമിതി രൂപീകരിക്കണമെന്നതായിരുന്നു കറുന്പന്റെ ആഗ്രഹം.
അന്നത്തെ കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന എൻ.ചെല്ലപ്പൻ വൈദ്യരും അധ്യാപകനും കലാകാരനുമായിരുന്ന ശിവപ്രസാദുമായിരുന്നു കറുന്പന് പൊതു വേദികളിലേക്ക് കടന്നു ചെല്ലാനും സമിതി രൂപീകരിക്കാനും പ്രചോദനം നൽകിയത്.
റിഹേഴ്സൽ പത്ത് മാസം
പത്തു മാസത്തെ റിഹേഴ്സലിനു ശേഷമായിരുന്നു നാടകം അരങ്ങിൽ അവതരിപ്പിച്ചത്. 1975 ഡിസംബർ മാസത്തിൽ മിതൃമ്മല പറണ്ടോട്ടപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തിനായിരുന്നു ആദ്യത്തെ വേദി.
അന്നു പ്രതിഫലം 250 രൂപയായിരുന്നുവെന്ന് കറുന്പൻ ഒാർമിക്കുന്നു. അക്കാലത്ത് നാടകങ്ങളിൽ പുരുഷൻമാരായിരുന്നു സ്ത്രീ വേഷങ്ങൾ ചെയ്തിരുന്നത്.
ആ പ്രതിഫലത്തിൽനിന്നു പടിപടിയായി കലാരംഗത്തേക്കു ചുവട് വച്ച കറുന്പൻ കഴിഞ്ഞ നാലര പതിറ്റാണ്ട ിലേറെക്കാലം കേരളത്തിലെ മുക്കിലും മൂലയിലും അറിയപ്പെടുന്ന കലാകാരനായി മാറുകയായിരുന്നു.
വരവ് കാക്കാൻ എന്ന കഥാപാത്രത്തെ ജനങ്ങൾ നെഞ്ചിലേറ്റിയതോടെയാണ് ഉത്സവ വേദികളിൽ കാക്കാരിശി നാടകത്തിന് ഇടം ലഭിച്ചത്.
66 വയസുകാരനായ ഈ കലാകാരൻ ഇന്നും കലാപ്രസ്ഥാനങ്ങളിലൂടെ ഉപജീവനം തേടുന്ന കലാകാരൻമാരുടെ അത്താണിയാണ്.
ഇദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് 2020ൽ സംസ്ഥാന സർക്കാർ ഫോക്ക്ലോർ അക്കാദമി അവാർഡ് നൽകി ആദരിച്ചു. നിരവധി പുരസ്കാരങ്ങൾ കറുന്പനെ തേടിയെത്തിയിട്ടുണ്ട ്.
മൂന്ന് കലാപ്രസ്ഥാനങ്ങളുടെ സ്ഥാപകൻ
കാക്കാരിശി നാടകം, നൃത്തസംഗീത നാടകം, ബൈബിൾ നാടകം എന്നിവയ്ക്കായി മൂന്നു സമിതികൾ രൂപീകരിച്ചിരുന്നു.
പതിനെട്ട് വർഷം മുൻപാണ് തിരുവനന്തപുരം ഡാൻസ് അക്കാദമി എന്ന പേരിൽ നൃത്തസംഗീത നാടക സമിതി രൂപീകരിച്ചത്.
അഞ്ച് വർഷം മുൻപാണ് ബൈബിൾ നാടകസമിതി ആരംഭിച്ചത്. കറുന്പന്റെ നൃത്ത നാടക സമിതി അരങ്ങിലെത്തിച്ചതായിരുന്നു മധുരയിൽ മീനാക്ഷി എന്ന നാടകം.
ആറു ലക്ഷത്തിൽപരം രൂപ ചെലവിട്ട് ആധുനിക രീതിയിൽ തീർത്ത സെറ്റുകളായിരുന്നു നാടകത്തിനു വേണ്ട ി തയാറാക്കിയിരുന്നത്.
കോവിഡ് കാലം പിറന്നതോടെ പ്രോഗ്രാമുകൾ നിലച്ചു. സെറ്റുകളെല്ലാം കേടായി നശിച്ചു. ബൈബിൾ നാടക സമിതി ലയന കമ്യൂണിക്കേഷൻ.
ഗലീലിയൻ എന്ന ബൈബിൾ നാടകം അരങ്ങിലെത്തിച്ച് പുരോഗമിക്കവെയാണ് അതിനെയും കോവിഡ് കാലം പടിയിറക്കിയത്.
ബൈബിൾ നാടകത്തിനു സെറ്റ് പണിയാൻ ഭീമമായ തുക ചെലവായെന്നു കറുന്പൻ പറയുന്നു.
നൃത്തനാടക സമിതിയുടെയും ബൈബിൾ നാടക സമിതിയുടെയും ചുമതലകൾ കറുന്പനു പുറമെ മകൻ ഷൈജു കറുന്പനും കൂടിയാണ് നോക്കി നടത്തുന്നത്.
തന്റെ ഗുരു വായ്മൊഴിയായി പകർന്ന് നൽകിയ വാചകങ്ങൾ പഠിച്ചാണ് കറുന്പൻ ആദ്യകാലത്ത് കാക്കാരിശി നാടകങ്ങളെ അരങ്ങിൽ അവതരിപ്പിച്ചത്.
കാലഘട്ടത്തിന്റെ പ്രധാന്യം മനസിലാക്കി കറുന്പൻ പ്രോഗ്രാമുകളെ പ്രഫഷണലാക്കി മാറ്റുകയായിരുന്നു.
പണ്ട ് നാലു മണിക്കൂർ മുതൽ അഞ്ചു മണിക്കൂർ വരെയായിരുന്നു കാക്കാരിശി നാടകങ്ങളുടെ സമയ ദൈർഘ്യം. ഇപ്പോൾ മൂന്നു മണിക്കൂറായി കുറച്ചു.
ഭാര്യയും ഒരു മകളും മകനും അടങ്ങുന്നതാണ് കുടുംബം. മക്കളെ പഠിപ്പിച്ചതും കുടുംബം പുലർത്തിയിരുന്നതുമെല്ലാം ഈ കലാപ്രസ്ഥാനങ്ങളിൽ നിന്നുള്ള വരുമാനം കൊണ്ട ായിരുന്നു. മക്കളെയും പേരക്കൂട്ടികളെയും ഇദ്ദേഹം കലാരംഗത്തേക്ക് ഇറക്കി പ്രോത്സാഹനം നൽകി വരികയാണ്.
കറുന്പന്റെ വിഷമം
കോവിഡ് മഹാമാരി സ്റ്റേജ് കലാകാരൻമാരുടെ ജീവിതം ദുരിത പൂർണമാക്കിയത് പല കുടുംബങ്ങളുടെയും പ്രതീക്ഷകൾ തകർത്തു. കുട്ടികളുടെ പഠനവും കലാകാരൻമാരുടെ കുടുംബാംഗങ്ങളുടെ ചികിത്സകളുമെല്ലാം മുടങ്ങി.
പലരും കടബാധ്യതയിൽപ്പെട്ട് ഉഴലുന്നു. കോവിഡ് മഹാമാരി കാലം മാറി എത്രയും പെട്ടെന്ന് കലയുടെ തിരിച്ച് വരവും ഉത്സവ കാലവും മടങ്ങി വരാനായി പ്രാർത്ഥിക്കുകയാണ് കറുന്പനും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്ന കലാകാരൻമാരും കലാകാരികളും.
(തുടരും)