സുൽത്താൻ ബത്തേരി: ആദിവാസി കോളനികളുടെ സമഗ്ര വികസനം എന്ന് പറഞ്ഞ് ലക്ഷങ്ങൾ പൊടിക്കുന്ന ഭരണകൂടങ്ങളുടെ കണ്ണിൽ പെടാതെ ദുരിതക്കയത്തിൽ കാക്കത്തോട് കോളനി. വാസയോഗ്യമായ വീടുകൾ പോലുമില്ലാതെ പ്ലാസ്റ്റിക് കൂരകൾക്ക് കീഴിലാണ് നൂൽപ്പുഴയിലെ കല്ലൂരിൽ നിന്നു ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ എത്തുന്ന കാക്കത്തോട് കോളനിക്കാരുടെ വാസം. വയനാട് സന്പൂർണ വെളിയിട വിസർജന മുക്ത (ഒഡിഎഫ്) ജില്ലയായെങ്കിലും ഇവർക്ക് ഇതുവരെ കക്കൂസ് സൗകര്യം പോലും എത്തിയിട്ടില്ല.
28 പണിയ വിഭാഗം കുടുംബങ്ങളാണ് കോളനിയിലുള്ളത്. ഏതു നിമിഷവും നിലം പതിക്കാറായ വാസയോഗ്യമല്ലാത്ത വീടുകളിലാണ് കുട്ടികളും സ്ത്രീകളുമടങ്ങുന്നവർ കഴിയുന്നത്. മഴക്കാലമെത്തിയതോടെ ഇവരുടെ ദുരിതം ഇരട്ടിയായിരിക്കുകയാണ്.
കോളനിയിലേക്കെത്താൻ റോഡ് സൗകര്യവും ഇവർക്ക് അന്യമാണ്. ഇതിനുപുറമെ കോളനിയിലെ കിണറ്റിൽ വെള്ളവും ഇല്ലാതായതോടെ കുടുംബങ്ങൾ കുടിവെള്ളത്തിനും നോട്ടോട്ടമോടേണ്ട ഗതിയാണ്. ശക്തമായ മഴപെയ്താൽ സമീപത്തെ തോട്ടിൽ നിന്നു വെള്ളം കയറി കോളനി ഒറ്റപ്പെടും. പിന്നീട് ഇവരുടെ ജീവതം വെള്ളം താഴുന്നത്വരെ സമീപത്തെ സ്കൂളിലാകും.
ഇതിനു പരിഹാരമായി ഇവരെ ഇവിടെ നിന്നു മാറ്റിപ്പാർപ്പിക്കാമെന്നു പതിറ്റാണ്ടുകളായി പറയുന്നുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നും ആയിട്ടില്ല. മുൻ ജില്ലാ കളക്ടർ കേശവേന്ദ്രകുമാർ കോളനി സന്ദർശിച്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് നടപടികൾ ആരംഭിച്ചുവെങ്കിലും ഇദ്ദേഹം സ്ഥലം മാറിപ്പോയതോടെ പിന്നീട് നടപടികളൊക്കെ മുടങ്ങിയ സ്ഥിതിയാണ്.
കോളനിയുടെ അവസ്ഥ മോശമായിട്ടും അധികൃതർ തങ്ങളെ നിരന്തരം അവഗണിക്കുകയാണെന്ന് കോളനിക്കാർ പറയുന്നു. കാലവർഷം ശക്തമാകുന്നതിന് മുന്പ് മാറ്റിപ്പാർപ്പിക്കാനുള്ള നടപടി എടുക്കണമെന്നാണ് കോളനിക്കാരുടെ ആവശ്യം.