കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് കോഴിക്കോട് കക്കയം ഡാമിൽ ജലനിരപ്പ് ഉയർന്നതിനാൽ ഷട്ടറുകൾ തുറക്കാൻ അധികൃതർ തീരുമാനിച്ചു. ഡാമിന്റെ ഷട്ടറുകൾ തുറന്നാൽ കുറ്റ്യാടി പുഴയിൽ ജലനിരപ്പ് ഉയരുമെന്നും തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ ജില്ലയിലെ ജലാശയങ്ങളിലെല്ലാം ജലനിരപ്പ് ഉയർന്നിട്ടുണ്ട്. വയനാട്ടിലും കനത്ത മഴയാണ് പെയ്യുന്നത്. വയനാട്ടിലെ ചില പ്രദേശങ്ങളിൽ വെള്ളം പൊങ്ങിയതിനാൽ ഒറ്റപ്പെട്ട സ്ഥിതിയിലാണ്.