കൂരാച്ചുണ്ട്: പ്രതിവർഷം 10.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാൻ ലക്ഷ്യമിട്ട് കക്കയത്ത് വൈദ്യുതി വകുപ്പ് ആരംഭിക്കുന്ന മൂന്ന് മെഗാവാട്ട് ചെറുകിട ജലവൈദ്യുതപദ്ധതി 16ന് രാവിലെ 10.30 ന് വൈദ്യുതി മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിക്കും.
തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൽ പദ്ധതിയുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കും. കക്കയം കെഎസ്ഇബി കോളനി മൈതാനിയിൽ പുരുഷൻ കടലുണ്ടി എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.കെ. രാഘവൻ എം.പി. മുഖ്യാതിഥിയായിരിക്കും.
നിലവിലുള്ള 100 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയിൽ നിന്നും പുറന്തള്ളുന്ന ജലമുപയോഗിച്ചാണ് പുതിയ പദ്ധതിയുടെ പ്രവർത്തനം. ഇതിന്റെ മുന്നോടിയായി കഴിഞ്ഞ രണ്ടു ദിവസങ്ങളായി തുടർച്ചയായി പവർഹൗസിന്റെ പ്രവർത്തനം സംബന്ധിച്ചുള്ള ട്രയൽ റൺ നടത്തിവരികയാണ്.