കൂരാച്ചുണ്ട്: അന്യദേശങ്ങളിലുള്ള വന്യമൃഗങ്ങളെ കക്കയത്ത് എത്തിച്ച് വനത്തിൽ കയറ്റിവിടുന്ന വനംവകുപ്പിന്റെ നടപടി അവസാനിപ്പിക്കണമെന്ന് കർഷക നേതാക്കൾ ആവശ്യപ്പെട്ടു. കക്കയം മുപ്പതാംമൈലിലും സമീപ പ്രദേശങ്ങളിലും പുലിയെ കണ്ട സംഭവങ്ങളിൽ വനംവകുപ്പ് കാട്ടുന്ന അലംഭാവത്തിൽ പ്രതിഷേധിച്ച് കർഷക രക്ഷാസമിതി കക്കയത്ത് നടത്തിയ യോഗത്തിലാണ് നേതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ടത്.
ജനങ്ങൾക്ക് ഭീഷണിയായ പുലിയെ കണ്ടെത്താൻ നിരീക്ഷണ ക്യാമറസ്ഥാപിക്കുകയും, മയക്കുവെടിവച്ച് ജനവാസ കേന്ദ്രത്തിൽനിന്നും മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. കക്കയം അങ്ങാടിയിൽ പൊതുയോഗവും പ്രതിക്ഷേധ പ്രകടനവും നടത്തി.
വീഫാം ചെയർമാൻ ജോയി കണ്ണഞ്ചിറ ഉദ്ഘാടനം ചെയ്തു. ഇൻഫാം നേതാവ് ജോസ് തടത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ജോസ് വെളിയത്ത്, ആൻറണി വിൻസെന്റ്, ജോൺസൺ കക്കയം, സജി കുഴിവേലി, സുനിൽ പാറപ്പുറം, തോമസ് പോക്കാട്ട്, കുഞ്ഞാലി കോട്ടോല എന്നിവർ പ്രസംഗിച്ചു. മുജീബ് കോട്ടോല, സിബി മണ്ണനാൽ, പത്രോസ് പന്നിവെട്ടുപറമ്പിൽ, ബേബി മരുതോലി എന്നിവർ നേതൃത്വം നൽകി.