കൂരാച്ചുണ്ട്: കക്കയം വനമേഖലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഉരുൾപ്പൊട്ടലുകളിൽ തകർന്ന ഡാംസൈറ്റ് റോഡിലുള്ള ഗതാഗതം അവതാളത്തിലായി.ഇതോടെ ഡാം മേഖലയിൽ ജോലിചെയ്യുന്ന മുപ്പതോളം ജീവനക്കാരാണ് ദുരിതത്തിലായത്.
കക്കയത്തു നിന്നും ഏകദേശം ഒൻപത് കിലോമീറ്റർ കഴിഞ്ഞുള്ള സ്ഥലത്താണ് റോഡ് തകർന്നത്. വൻപാറക്കൂട്ടങ്ങളും മണ്ണും നിറഞ്ഞ റോഡിലൂടെ അതിസാഹസികമായാണ് കെഎസ്ഇബി, വനം, പോലീസ് അടക്കമുള്ള ഡാം സുരക്ഷാ ജീവനക്കാരും കടന്നുപോകുന്നത്.
ഈ റോഡിലെ കക്കയംവാലിക്ക് സമീപമുള്ള റോഡിന്റെ ഏകദേശം എൺപത് മീറ്ററോളം ദൂരത്തിലാണ് റോഡ് പാടെതകർന്ന് ഒഴുകിപ്പോയത്.ഇതുവഴിയുള്ള ഗതാഗതം പുന:സ്ഥാപിക്കാൻ ദിവസങ്ങളോളം സമയമെടുക്കുമെന്നാണറിയുന്നത്.
പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡാണിത്. റോഡിന്റെ മറ്റുഭാഗങ്ങളിലും മണ്ണിടിച്ചിൽമൂലം യാത്രാ തടസമുണ്ട്. ഗതാഗതം താൽക്കാലികമായി പുന:സ്ഥാപിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ എൻ.രഞ്ജിത് അറിയിച്ചു.