ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തിൽ ആർഎസ്എസിന്റെ കാക്കി നിക്കർ വേഷം കത്തിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തതിൽ വിവാദം.
വിദ്വേഷത്തിന്റെ ചങ്ങലകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുമെന്നും ആർഎസ്എസും ബിജെപിയും ഉണ്ടാക്കിയ നഷ്ടങ്ങൾ ഇല്ലാതാക്കുമെന്നുമുള്ള അടിക്കുറിപ്പോടെയാണ് കോണ്‍ഗ്രസിന്റെ ഒൗദ്യോഗിക ട്വിറ്റർ പേജിൽ നിന്നു കാക്കി നിക്കർ വേഷം കത്തിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തത്.
കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിട്ടുള്ള ചിത്രം ആർഎസ്എസ് പ്രവർത്തകർക്ക് എതിരേയുള്ള കലാപത്തിനുള്ള ആഹ്വാനമാണെന്നാണ് ബിജെപി വക്താവ് സന്പിത് പത്ര പറഞ്ഞത്. ഭാരതത്തെ വിഭജിക്കാൻ ഉള്ള യാത്രയാണ് രാഹുലിന്റേതെന്നും ബിജെപി കുറ്റപ്പെടുത്തി.
സിപിഎം പരിഹാസത്തിന്മറുപടി
ഭാരത് ജോഡോ യാത്രയെ പരിഹസിച്ച സിപിഎമ്മിന് മറുപടിയുമായി കോണ്‍ഗ്രസ്. കേരളത്തിൽ 18 ദിവസം ചെലവഴിക്കുന്ന ഭാരത് ജോഡോ യാത്ര യുപിയിൽ വെറും രണ്ടു ദിവസം മാത്രമാണ് ചെലവഴിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിപിഎമ്മിന്റെ പരിഹാസം.
മുണ്ടുടുത്ത മോദിയുടെ നാട്ടിലെ ബിജെപിയുടെ എ ടീമാണ് സിപിഎം എന്നായിരുന്നു രാഹുലിന്റെ യാത്രയെ പരിഹസിച്ചതിന് കോണ്‍ഗ്രസിന്റെ മറുപടി.
ശക്തമായ കോണ്‍ഗ്രസ് ഇല്ലാതെ പ്രതിപക്ഷ ഐക്യം സാധ്യമല്ലെന്നും ഭാരത് ജോഡോ യാത്രയുടെ ഉദ്ദേശ്യം സിപിഎം മനസിലാക്കണമെന്നും എഐസിസി വാർത്താവിനിമയ വിഭാഗം മേധാവി ജയ്റാം രമേശ് പറഞ്ഞു.