ചെറുപുഴ: താബോർ സെന്റ് ജോസഫ്സ് എൽപി സ്കൂൾ ശുചിമുറി നിർമാണം പാതിവഴിയിൽ. കരാറുകാരന്റെ അനാസ്ഥയാണ് കാരണമെന്ന് ആരോപണം.
സ്കൂളിൽ ശുചിമുറി നിർമിക്കാൻ ഉദയഗിരി പഞ്ചായത്താണ് 4.70 ലക്ഷം രൂപ അനുവദിച്ചത്. ശുചിമുറിയുടെ തറ നിർമാണ സമയത്തു തന്നെ ക്രമക്കേട് നടന്നതായി നാട്ടുകാർ പറയുന്നു. നിർമാണത്തിലെ അപാകത മൂലം തറയ്ക്കു വിള്ളൽ ഉണ്ടായിരുന്നു.
ഇതിന് ശേഷം നിർമിച്ച ഭിത്തിയിലും വിള്ളൽ ഉണ്ടായതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തുവന്നു. ഇതേത്തുടർന്ന് കരാറുകാരൻ ഭിത്തിയുടെ വിള്ളൽ ഉണ്ടായ ഭാഗത്തു സിമന്റ് തേയ്ച്ചു വിടവ് മാറ്റാനുള്ള ശ്രമം നടത്തി.
എന്നാൽ ഈ ഭിത്തിയുടെ മുകളിൽ കോൺക്രീറ്റ് ചെയ്താൽ ശുചിമുറി ഇടിഞ്ഞ് വീഴുമെന്നും ഇത് വൻ ദുരന്തത്തിനു തന്നെ കാരണമാകുമെന്നുമാണു രക്ഷിതാക്കളും നാട്ടുകാരും പറയുന്നത്.
തറയുടെയും ഭിത്തിയുടെയും നിർമാണത്തിലുണ്ടായ തകരാർ പരിഹരിച്ചതിന് ശേഷം നിർമാണം ആരംഭിക്കണമെന്നാണ് ആവശ്യം. ഇതോടെയാണു കരാറുകാരൻ നിർമാണം പാതിവഴിയിൽ നിർത്തിവച്ചത്.
ഇത് സംബന്ധിച്ച് പഞ്ചായത്ത് അധികൃതർക്കും മറ്റും പരാതി നൽകിയിട്ടും നടപടിയെടുക്കാൻ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ശുചിമുറിയുടെ നിർമാണം പുനരാരംഭിക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം.