സ്വന്തം ലേഖകൻ
തൃശൂർ: വൻതോതിൽ സെപ്റ്റിക് ടാങ്ക് മാലിന്യം ജില്ലയുടെ വിവിധ ഭാഗങ്ങളിലെ പാടങ്ങളിൽ ഒഴുക്കിവിടുന്നതു മൂലം ജി്ല്ലയുടെ പല ഭാഗത്തും നെൽകൃഷി നശിക്കുന്നു. രാത്രികളിലും പുലർച്ചെയുമാണ് വൻതോതിൽ കക്കൂസ് മാലിന്യം പാടത്ത് തള്ളുന്നത്.ഒല്ലൂരിൽ ജനകീയ കൂട്ടായ്മയിൽ കൃഷിയിറക്കിയ ചിലങ്ക പാടത്ത് സെപ്റ്റിക് മാലിന്യം തള്ളിയത് ഒഴുകിയതിനെ തുടർന്ന് ഒരേക്കർ സ്ഥലത്തെ നെൽകൃഷിയാണ് നശിച്ചത്.
യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ജില്ലയിൽ വ്യാപകമായി പ്രവർത്തിക്കുന്ന സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്ന സംഘമാണ് നഗരത്തിലേയും സമീപപ്രദേശങ്ങളിലേയും മറ്റും ഫൽറ്റുകളിൽ നിന്നും വീടുകളിൽ നിന്നുമെല്ലാം ശേഖരിക്കുന്ന സെപ്റ്റിക ടാങ്ക് മാലിന്യം ഇരുട്ടിന്റെ മറവിൽ ഓടകളിലും പാടത്തും നിക്ഷേപിക്കുന്നത്.കക്കൂസ് മാലിന്യം ജില്ലയിലെ കോൾമേഖലയ്ക്കും ഭീഷണിയാകുന്നുണ്ട്.
പോലീസ് പിടികൂടിയാലും പിഴ അടച്ച് പലപ്പോഴും ഈ സംഘങ്ങൾ രക്ഷപ്പെടുന്നതാണ് മാലിന്യം തള്ളൽ നിർബാധം തുടരാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. സെപ്റ്റിക് ടാങ്ക് മാലിന്യം പൊതു ഇടങ്ങളിൽ തള്ളുന്നത് കേരളത്തിൽ വ്യാപകമാകുന്നുണ്ടെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നു. മലിനീകരണം എന്നതിനപ്പുറം കാർഷിക കേരളത്തിന്റെ നട്ടെല്ലൊടിക്കുന്ന സ്ഥിതിയിലേക്ക് ഇതെത്തുന്നുവെന്നതാണ് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.
നഗരത്തിലേയും പരിസരപ്രദേശങ്ങളിലേയും വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലായി തുടരുന്നതും സെപ്റ്റിക് ടാങ്ക് മാലിന്യം നിർബാധം തള്ളുന്നത് തുടരുന്നതിനാലാണ്.ഫൽറ്റുകളിലും മറ്റും സെപ്റ്റിക് ടാങ്കുകൾ ശാസ്ത്രീയമായി നിർമിക്കാത്തത് പലപ്പോഴും ടാങ്ക് പൊട്ടുന്നതിന് കാരണമാകാറുണ്ട്. തൻമൂലം പലരും സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് നടത്തുന്നവരെ സമീപിക്കുകയാണ് ചെയ്യുക.
ഇവർ ടാങ്ക് വൃത്തിയാക്കി ലോറിയിലെ ടാങ്കറിൽ നിറയ്ക്കുന്ന മനുഷ്യവിസർജ്യം എവിടെ കൊണ്ടുപോയി തള്ളുന്നുവെന്നത് ഫൽറ്റുകാർ അന്വേഷിക്കാറില്ല. ചോദിക്കുന്ന പൈസ കൊടുത്ത് അതെവിടെയെങ്കിലും കൊണ്ടുപോയി തള്ളിക്കോളൂ ഞങ്ങൾക്ക് പ്രശ്നമാകരുതെന്ന് മാത്രമേ മിക്കവരും പറയാറുള്ളു.പുലർച്ചെ രണ്ടിനും മൂന്നിനുമിടയിലാണ് പലയിടത്തും മാലിന്യം തള്ളൽ നടക്കുന്നത്.
കക്കൂസ് മാലിന്യം തള്ളൽ പതിവായ സ്ഥലങ്ങളിൽ ആളുകൾ ഉറക്കമൊഴിച്ചിരുന്ന് ഈ സംഘത്തെ പിടികൂടാൻ ശ്രമിക്കുന്നുണ്ട്. ഒരിടത്ത് തള്ളാൻ കഴിയാതെ വരുന്പോൾ പുതിയ സ്ഥലങ്ങൾ കണ്ടെത്തി അവിടേക്ക് തള്ളൽ സ്ഥലം മാറ്റും. പല ക്ലീനിംഗ് സംഘങ്ങളും വൻതുക വാങ്ങിയാണ് ഏറെ റിസ്കുള്ള ഈ പണിക്കിറങ്ങുന്നത്. അതുകൊണ്ടുതന്നെ പിഴയടക്കാനും ഇവർക്ക് യാതൊരു മടിയുമില്ല.
വാഹനങ്ങൾ പിടിച്ചെടുക്കുന്നതടക്കമുള്ള നിയമനടപടികളാണ് വേണ്ടതെന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നുമൊക്കെ കാലങ്ങളായി ആവശ്യമുയരുന്നുണ്ടെങ്കിലും കേരളത്തിൽ സെപ്റ്റിക് ടാങ്ക് മാലിന്യമാഫിയ ആരേയും കൂസാതെ വളരുകയാണ്.ഏതു സമയത്താണ് ഇവരുടെ ആവശ്യം വേണ്ടി വരുക എന്നറിയാത്തതിനാൽ ഇവരെ പിണക്കാൻ ആരും തയ്യാറാവുന്നില്ല.
എങ്കിലും കുടിവെള്ളം മലിനപ്പെടുത്തുകയും കൃഷിനശിപ്പിക്കുകയും ചെയ്യുന്ന സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളലിനെതിരെ പലയിടത്തും പ്രതിഷേധങ്ങൾ സാവധാനം ഉയരുന്നുണ്ട്.