ലക്നോ: വരന്റെ വീട്ടിൽ ശൗചാലയമില്ലെന്ന കാരണത്താൽ പെണ്‍കുട്ടിയുടെ വീട്ടുകാർ വിവാഹത്തിൽനിന്ന് പിൻമാറി. ഉത്തർപ്രദേശിലെ ശിവ്ദാസ്പൂരിലാണ് സംഭവം. റിക്ഷാ തൊഴിലാളിയായ നന്ദലാലിന്റെ മകൻ കൽഫുവിന്റെ വിവാഹമാണ് മുടങ്ങിയത്. വളരെ തുച്ഛമായ വരുമാനം മാത്രമുള്ളയാളാണ് താനെന്നും കിട്ടുന്ന വരുമാനത്തിൽ നിന്ന് ശൗചാലയം നിർമ്മിക്കാനുള്ള സ്ഥിതി തനിക്കില്ലെന്നും നന്ദലാൽ പറഞ്ഞു.
ശൗചാലയം ആവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് അധികൃതർക്ക് നന്ദലാൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഈ ഗ്രാമത്തിൽ എല്ലാവരും വിസർജനത്തിനായി വെളിന്പ്രദേശങ്ങളെയാണ് കൂടുതലായും ഉപയോഗിക്കുന്നതെന്നായിരുന്നു പഞ്ചായത്ത് അധികൃതരുടെ മറുപടിയെന്ന് അദ്ദേഹം പറഞ്ഞു. സംഭവം വിവാദമായതോടെ ഈ ഒരു ആവശ്യവുമായി നന്ദലാൽ തങ്ങളെ സമീപിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.