കൂരാച്ചുണ്ട്: കനത്തമഴയിലും ഉരുൾപ്പൊട്ടലിലും തകർന്ന കക്കയം ഡാംസൈറ്റ് റോഡിൽ ഭാഗികമായി ഗതാഗതം പുനസ്ഥാപിച്ചു. കക്കയംവാലി മുതൽ നിരവധി സ്ഥലങ്ങളിൽ റോഡ് പൂർണ്ണമായും ഒലിച്ചുപോയത് കല്ലും മണ്ണും നിറച്ച് കെഎസ്ഇബി, ഫോറസ്റ്റ്, പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ മാത്രം കടന്നുപോകാവുന്ന രീതിയിലാണ് ഗതാഗതം പുനസ്ഥാപിച്ചത്.
എന്നാൽ ഇവിടെ പ്രവർത്തിക്കുന്ന കെഎസ്ഇബി.യുടെ ഹൈഡൽ ടൂറിസം, വനം വകുപ്പിന്റെ ഉരക്കുഴി വ്യൂ പോയിന്റ് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ റോഡ് ഗതാഗതയോഗ്യമാകുന്നതുവരെ പ്രവർത്തിക്കില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
പിഡബ്ല്യുഡി.യുടെ അധീനതയിലുള്ള ഈ റോഡിൽ അഞ്ചിടങ്ങളിലാണ് വലിയ തോതിൽ റോഡ് തകർന്ന് ഇല്ലാതെയായത്. റോഡിന്റെ പുനർനിർമ്മാണ മാസങ്ങളോളം സമയമെടുക്കുമെന്നാണറിയുന്നത്.