ചാത്തന്നൂർ: ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ചയ്ക്കകം നിർമ്മാണം ഇടിഞ്ഞുതകർന്നു. സെപ്ടിക് ടാങ്കിന്റെ കുഴിയിൽ വീണ് പരിക്ക് പറ്റാതെ മാർക്കറ്റിലെത്തിയ ഒരാൾ രക്ഷപ്പെട്ടു. ചാത്തന്നൂർ മാർക്കറ്റിൽ പത്ത് ലക്ഷത്തിലധികം രൂപ ചിലവഴിച് മത്സ്യ ചന്തയും അഞ്ച് ലക്ഷത്തിലധികം ചിലവഴിച്ച് ശുചി മുറികളും നിർമ്മിച്ചിരുന്നു.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കരാർ നല്‍കിയായിരുന്നു നിർമ്മാണം. തൊഴിലുറപ്പ് തൊഴിലാളികളെയും നിർമ്മാണത്തിൽ പങ്കാളികളാക്കി. നിർമ്മാണത്തെക്കുറിച്ച് അന്നു തന്നെ പരാതികൾ ഉയർന്നിരുന്നു.
ഒരാഴ്ച മുമ്പാണ് ജില്ലാ കളക്ടർ ബി.അബ്ദുൽ നാസർ പുതിയ മത്സ്യ ചന്തയുടെയും അനുബന്ധ നിർമ്മാണങ്ങളുടെയും ഉദ്ഘാടനം നിർവഹിച്ചത്. മത്സ്യ മാർക്കറ്റിൽ നിർമ്മിച്ച ശുചി മുറികളുടെ സെപ്ടിക് ടാങ്കിന്റെ മേൽ മുടിയാണ് തകർന്നത്.
ടൈൽസ് പതിച്ച മേൽമൂടി വേനൽ മഴയിൽ തകരുകയായിരുന്നു. നിർമ്മാണത്തെക്കുറിച്ചുള്ള പരാതികൾ സാധുകരിക്കുന്നതാണ് നിർമ്മാണത്തിലെ തകർച്ച. പുതിയ ശുചി മുറികൾ നിർമ്മിച്ചെങ്കിലും ഇതുവരെ പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തിട്ടില്ല.
പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ നിവർത്തിയില്ലാതെ ബുദ്ധിമുട്ടുകയാണ് ചന്തയിലെ കച്ചവടക്കാരും മാർക്കറ്റിലെത്തുന്നവരും. ശുചിമുറികൾ കരാർ വ്യവസ്ഥയിൽ നല്‍കാനാണ് നീക്കമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.