കോട്ടയം: അന്താരാഷ്ട്ര കൃഷ് ണാവബോധ സമിതിയുടെ ആഭിമുഖ്യത്തിൽ ഭഗവദ്ഗീത, ഭാഗവത പ്രചാരണാർഥം സംഘടിപ്പിച്ചിരിക്കുന്ന ഇസ്കോണ്‍ പദയാത്ര ഇന്നു കോട്ടയത്ത്. 2011ൽ ദ്വാരകയിൽനിന്ന് ആരംഭിച്ച പദയാത്ര കുരുക്ഷേത്രം, ഹരിദ്വാർ, ബഥരിനാഥ്, മഥുര, വൃന്ദാവനം, ജഗനാഥ്പുരി, മായാപൂർ, തിരുപ്പതി, ശ്രീരംഗം, രാമേശ്വരം തുടങ്ങിയ പുണ്യസ്ഥലങ്ങൾ സന്ദർശിച്ച ശേഷമാണു കേരളത്തിലെത്തിയത്. ഇന്നലെ രാവിലെ ചങ്ങനാശേരി മധുമൂല ബ്രാഹ്മിൻസ് ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച പദയാത്ര ഉച്ചകഴിഞ്ഞ് ഒന്നോടെ പള്ളം സുബ്രഹ്മണ്യ ക്ഷേത്രത്തിലെത്തി. ഗുജറാത്തിൽനിന്നു കൊണ്ടുവന്ന നാലു കൂറ്റൻ കാളകളാണു പദയാത്രയിലെ പ്രധാന രഥം വലിക്കുന്നത്. വലിയ കൊന്പുകളുള്ള കാളകൾ കാണികൾക്ക് വിസ്മയമായി.
രഥത്തിനു മുന്നിൽ ഇസ്കോണ്‍ സ്ഥാപക ആചാര്യന്റെ വിഗ്രഹമാണുള്ളത്. പിന്നിൽ ശ്രീകൃഷ്ണന്റെയും ബലരാമന്റെയും അവതാരമായ ചൈതന്യ മഹാപ്രഭുവും നിത്യാനന്ദ പ്രഭുമാണ്. എല്ലാ ദിവസവും രഥം തങ്ങുന്ന സ്ഥലത്തു വൈകുന്നേരം നഗരസങ്കീർത്തനത്തോടു കൂടിയ രഥ ഘോഷയാത്ര നടക്കും. തുടർന്ന് പൂജയും പ്രഭാഷണവും പ്രസാദവിതരണവും. ജർമനി, റഷ്യ, അമേരിക്ക, അർജന്റീന തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള സന്യാസിനിമാരും ബ്രഹ്മചാരികളും പദയാത്രയിൽ പങ്കെടുക്കുന്നുണ്ട്. മൂന്നു വർഷത്തിനുശേഷം പദയാത്ര ദ്വാരകയിൽ എത്തും. ആറാം തവണയാണു പദയാത്ര കേരളത്തിലെത്തുന്നത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ സന്ദർശനം നടത്തുന്ന പദയാത്ര പിന്നീടു കർണാടകയിലേക്കു പ്രവേശിക്കും.