തൃശൂര്‍: പ്രായമേറിയവരെ പരിചയപ്പെട്ട് സ്വര്‍ണവും ബാഗുകളും തട്ടിയെടുക്കുന്ന വിരുതന്‍ ഷാഡോ പോലീസിന്റെ പിടിയില്‍. മണ്ണാര്‍ക്കാട് അഗളി കള്ളമല സ്വദേശി മണലാടി വീട്ടില്‍ കാള ബഷീര്‍ എന്ന ബഷീര്‍(41) ആണ് പിടിയിലായത്. ബസ് സ്റ്റാന്‍ഡുകളിലും റോഡുകളിലും വച്ച് പ്രായമേറിയവരെ പരിചയപ്പെട്ട് സഹായിയായി ചമഞ്ഞാണ് തട്ടിപ്പുനടത്തിയിരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് ആറിന് മകളുടെ വീട്ടിലേക്ക് പോകുന്നതിന് ബസ് കയറാന്‍ ശക്തന്‍ സ്റ്റാന്‍ഡിലെത്തിയ മിണാലൂര്‍ സ്വദേശിനിയായ ദേവകി(76)യെ റോഡ് മുറിച്ചുകടക്കാന്‍ സഹായിച്ചശേഷം ബാഗുമായി ഇയാള്‍ മുങ്ങി.
കളവുപോയ ബാഗില്‍ പണവും നിരവധി രേഖകളുമുണ്ടായിരുന്നു. ഈ കേസിലെ അന്വേഷണത്തിലാണ് ഇയാള്‍ വലയിലായത്. മുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയ നാല്പതു വയസോളം പ്രായമുള്ള ഒരാളാണ് ബാഗ് തട്ടിയെടുത്തതെന്ന് മൊഴി ലഭിച്ചു. സമാന തട്ടിപ്പുകളില്‍ ഉള്‍പ്പെട്ടവരെ ചോദ്യംചെയ്യുകയും സ്ഥലത്തെ സിസിടിവി കാമറകള്‍ പരിശോധിക്കുകയും ചെയ്‌തെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. നഗരത്തിലെ സമാനസംഭവങ്ങള്‍ വിശദമായി അന്വേഷിക്കുന്നതിനിടെയാണ് ബഷീര്‍ കുടുങ്ങുന്നത്.
ഇരകളില്‍ ഏറെയും വയോജനങ്ങള്‍; തട്ടിപ്പിന്റെ വിവിധ രീതികള്‍
നിരവധി രീതിയിലുള്ള തട്ടിപ്പുകളാണ് ഇയാള്‍ നടത്തിയിരുന്നത്. റോഡ് മുറിച്ചുകടക്കാന്‍ നില്ക്കുന്ന വയസായ സ്ത്രീകളെ സഹായിക്കാന്‍ അടുത്തുകൂടി ബാഗുകളും മറ്റും കൈയില്‍ വാങ്ങിപിടിച്ചശേഷം മറുഭാഗത്തെത്തുമ്പോള്‍ കബളിപ്പിച്ച് രക്ഷപ്പെടുന്നതാണ് ഒരു രീതി. ബസ് കാത്തുനില്ക്കുന്ന സമയം അടുത്തുകൂടി ഏതെങ്കിലും ആളുകളുടെ പേരുപറഞ്ഞ് പരിചയം നടിക്കും. എന്റെ അമ്മയ്‌ക്കോ അച്ഛനോ ഇത്തരത്തില്‍ ഒരാഭരണം പണിയണമെന്നും ഡിസൈന്‍ നോക്കട്ടേയെന്നും പറഞ്ഞ് ഊരിവാങ്ങുന്ന ആഭരണവുമായി മുങ്ങുന്നതാണ് മറ്റൊരു രീതി.
നിരവധി സ്ഥലങ്ങളില്‍ വയോജനങ്ങളെ കബളിപ്പിച്ച് സ്വര്‍ണവും പണവും കവര്‍ന്നതായി ഇയാള്‍ ചോദ്യംചെയ്യലില്‍ സമ്മിച്ചു. കഴിഞ്ഞ ജൂണ്‍ ഏഴിന്, വിമുക്ത ഭടനായ തൃശൂര്‍ വാഴാനി സ്വദേശി രാധാകൃഷ്ണനെ(75) വടക്കേ സ്റ്റാന്‍ഡില്‍വച്ച് പരിചയപ്പെടുകയും മോതിരവുമായി മുങ്ങുകയും ചെയ്തു. 2013ല്‍ തൃശൂര്‍ ഏനാമാവ് സ്വദേശി സരോജിനിയുടെ പണവും ബാഗും തട്ടിയെടുത്ത് മുങ്ങിയതും ബഷീര്‍ ആണെന്ന് തെളിഞ്ഞു. വയസായവരെ പറ്റിക്കാന്‍ എളുപ്പമാണെന്നും പിടിക്കപ്പെട്ടാല്‍ അവര്‍ക്ക് തിരിച്ചറിയാന്‍ കഴിയാതെ വന്നാല്‍ കേസില്‍നിന്നും ഊരിപ്പോകാമെന്നും കണക്കുകൂട്ടിയാണ് പ്രതി തട്ടിപ്പു സ്ഥിരമാക്കിയത്.
ഇയാള്‍ക്കെതിരേ മലപ്പുറം, പാലക്കാട് സ്റ്റേഷനുകളിലും കേസുകളുണ്ട്. ഇയാളുടെ മറ്റു കുറ്റകൃത്യങ്ങളെ കുറിച്ച് അന്വേഷിക്കും. തട്ടിയെടുത്ത ആഭരണങ്ങളും മറ്റും പോലീസ് കണ്ടെടുത്തു. ഈസ്റ്റ് സിഐ സേതുവിന്റെ നിര്‍ദേശാനുസരണം എസ്‌ഐ ലാല്‍കുമാര്‍, ഷാഡോ അംഗങ്ങളും എസ്‌ഐമാരുമായ എം.പി. ഡേവിസ്, വി.കെ. അന്‍സാര്‍, എഎസ്‌ഐമാരായ പി.എം. റാഫി, പി.ജി. സുവൃതകുമാര്‍, സീനിയര്‍ സിപിഒ കെ. ഗോപാലകൃഷ്ണന്‍, സിപിഒമാരായ ടി.വി. ജീവന്‍, പി.കെ. പഴനിസ്വാമി, എം.എസ്. ലിഗേഷ്, വിപിന്‍ദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.