മാന്നാർ: കലയുടെ കൊലപാതകത്തിലെ നിർണായക തെളിവുകളിൽ ഒന്നായ കാർ കണ്ടെടുത്തു. 15 വർഷം മുൻപ് കാണാതായ ഇരമത്തൂർ പായിക്കാട്ട് മീനത്തേതിൽ കലയെ കൊന്ന കുഴിച്ചുമൂടിയ കേസിൽ കൊലപാതകം നടത്താൻ സഞ്ചരിച്ചതെന്ന് കരുതുന്ന കാറാണ് അന്വേഷണ സംഘം കൊല്ലം കൊട്ടിയത്തു നിന്നു കണ്ടെത്തിയത്.
വെള്ള മാരുതി ആൾട്ടോ കാർ ആണ് പൊലീസ് കണ്ടെടുത്തത്. വാടകയ്ക്കെടുത്ത ഈ വാഹനത്തിൽ സഞ്ചരിച്ചാണ് അനിൽ കലയെ കൊലപ്പെടുത്തിയതെന്ന് കസ്റ്റഡിയിൽ ഉണ്ടായിരുന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കാർ കസ്റ്റഡിയിൽ എടുത്തത്.
കേസിലെ രണ്ടാം പ്രതി പ്രമോദിനു മാന്നാർ സ്വദേശി മഹേഷ് വാടകയ്ക്കു കൊടുത്തതായിരുന്നു ഈ കാർ. പിന്നീടു വിറ്റ കാർ പല ഉടമകൾ മാറിയാണു കൊല്ലത്തെത്തിയത്.
കാർ കോടതിയിൽ ഹാജരാക്കി. കലയുടെ ഭർത്താവായ ഒന്നാം പ്രതി അനിലിനു വേണ്ടിയാണു പ്രമോദ് ഈ കാർ വാടകയ്ക്കെടുത്തതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തു കാർ വാടകയ്ക്കു കൊടുക്കുന്നവരിൽ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു മഹേഷിലെത്തിയത്.