മാന്നാര്‍: കലയുടെ കൊലപാതക അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കലയുടെ ബന്ധുക്കള്‍. സിബിഐയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന് കലയുടെ സഹോദരന് അനില്‍കുമാര്‍ പറഞ്ഞു.
ചോദ്യം ചെയ്യല്‍ തുടരുന്നു
കോടതിയില്‍നിന്നു വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ചോദ്യം ചെയ്യല്‍ തുടരുന്നു. ചെന്നിത്തല ഇരമത്തൂര്‍ കണ്ണമ്പള്ളില്‍ ജിനു ഗോപി (48), കണ്ണമ്പള്ളില്‍ സോമരാജന (55), കണ്ണമ്പള്ളില്‍ പ്രമോദ് (45) എന്നിവരെ മൂന്നു സ്റ്റേഷനുകളിലായാണ് ചോദ്യം ചെയ്യുന്നത്. തുടര്‍ച്ചയായി ഇവരെ ചോദ്യം ചെയ്തിട്ടും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
കലയുടെ ഭര്‍ത്താവ് അനില്‍ ഇസ്രയേലില്‍നിന്നു നാട്ടിലെത്തുന്നതുവരെ പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ അന്വേഷണ സംഘത്തിനു കാര്യങ്ങള്‍ എളുപ്പമാകും.
ഇതിനായി ഇസ്രയേലിലുള്ള അനിലിനെ നാട്ടിലെത്തിക്കാനുള്ള നടപടിയുടെ ഭാഗമായി ഇയാള്‍ക്കെതിരെ ചെങ്ങന്നൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി ഓപ്പണ്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
സിബിഐ അന്വേഷിക്കണം
ഇരമത്തൂരിലെ കലയുടെ കൊലപാതകത്തില്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നു കൊടിക്കുന്നില്‍ സുരേഷ് എംപി. യഥാര്‍ഥ പ്രതികളെ കണ്ടെത്തുന്നതിനായി സിബിഐ കേസ് അന്വേഷിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ കലയുടെ വീട്ടിലെത്തി ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൊടിക്കുന്നില്‍.
പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് ഇപ്പോള്‍ പോലീസ് കാണിക്കുന്നതെന്നു ബന്ധുക്കളും നാട്ടുകാരുടെയും അഭിപ്രായം. ഇതിനായി സമ്മര്‍ദങ്ങള്‍ വിവിധ ഭാഗങ്ങളില്‍നിന്നു നടക്കുന്നുണ്ട്. സംസ്ഥാന പോലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണം നിഷ്പക്ഷമാകില്ലെന്നാണ് ഇതുവരെയുള്ള നീക്കങ്ങളില്‍ നിന്നു വ്യക്തമാകുന്നത്.
15ന് നടക്കുന്ന എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രിയെ കാണുമെന്നും സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും കൊടിക്കുന്നില്‍ വ്യക്തമാക്കി. കലയെ കൊല്ലാനുണ്ടായ സാഹചര്യം എന്താണെന്നും ഇതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കണമെന്നും അതിന് സിബിഐ അന്വേഷണം തന്നെ വേണമെന്നും കൊടിക്കുന്നില്‍ പറഞ്ഞു.